മിച്ചഭക്ഷണം 50 ലക്ഷം പേരുടെ വിശപ്പടക്കും
text_fieldsവിതരണത്തിനായി ഭക്ഷണമൊരുക്കുന്ന വളന്റിയർ
(ഫയൽ ചിത്രം)
ദുബൈ: ഹോട്ടലുകളിലും സ്ഥാപനങ്ങളിലും മിച്ചം വരുന്ന ഭക്ഷണത്തിൽനിന്ന് 50 ലക്ഷം പേർക്ക് അന്നമെത്തിക്കാനുള്ള ശൈഖ ഹിന്ദ് ബിൻത് മക്തൂമിന്റെ ജീവകാരുണ്യ സംരംഭം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ചൊവ്വാഴ്ച എക്സ് അക്കൗണ്ടിലൂടെയായിരുന്നു ഭരണാധികാരിയുടെ പ്രഖ്യാപനം.
എമിറേറ്റ്സ് ഫുഡ് ബാങ്കിൽ ആരംഭിച്ച സംരംഭത്തിൽ 350 ഹോട്ടലുകൾ സഹകരിക്കും. 5000 വളന്റിയർമാരുടെ സംഘമാണ് ഭക്ഷണം വിതരണം ചെയ്യുക. ഫുഡ് ബാങ്ക് സംരംഭം ആരംഭിച്ചശേഷം ഇതുവരെ 3.5 കോടി പേർക്ക് ഗുണം ലഭിച്ചതായും ശൈഖ് മുഹമ്മദ് എക്സ് സന്ദേശത്തിൽ പറഞ്ഞു.
പാഴാകുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കാനും അത് അർഹരിലേക്കെത്തിക്കാനും ലക്ഷ്യമിട്ട് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവിന്റെ കീഴിൽ 2017ലാണ് യു.എ.ഇ ഫുഡ് ബാങ്ക് സംരംഭം ആരംഭിച്ചത്. തുടർന്ന് ഇതുവരെ 6.8 കോടി പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. കഴിഞ്ഞ വർഷം മാത്രം ലോകത്തുടനീളമുള്ള 18.6 ദശലക്ഷം പേർക്ക് സംരംഭത്തിലൂടെ ഭക്ഷണമെത്തിക്കാനായി. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള 800 സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച ഭക്ഷണമാണ് ഇതുവഴി വിതരണം ചെയ്ത്.
ഭക്ഷണം പാഴാക്കുന്നതു സംബന്ധിച്ച് ഫുഡ്ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 105 ബോധവത്കരണ ക്യാമ്പുകളിൽ 9843 പേർ പങ്കെടുത്തിരുന്നു. 1800 വളന്റിയർമാരാണ് ഇതിനായി പ്രവർത്തിച്ചത്.
കഴിഞ്ഞ വർഷം 14.7 ദശലക്ഷം ഫണ്ടാണ് ഫുഡ് ബാങ്ക് സ്വീകരിച്ചത്. അതുവഴി 6000 ടൺ ഭക്ഷ്യമാലിന്യം ഇല്ലാതാക്കാനായി. 2027ഓടെ പാഴാകുന്ന ഭക്ഷ്യ വസ്തുക്കൾ 30 ശതമാനം കുറക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

