കോടിയേരിയെ അനുസ്മരിച്ച് ‘ഓർമ’
text_fieldsദുബൈ: കേരളത്തിലെ മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണകൾ എക്കാലവും രാഷ്ട്രീയ വിദ്യാർഥികൾക്ക് മികച്ച പാഠപുസ്തകമാണെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ് അനുസ്മരിച്ചു. മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, സംഘാടകൻ എന്നീ നിലകളിൽ വിദ്യാർഥികാലം മുതൽ തന്നെ മികവ് തെളിയിച്ച കോടിയേരി എതിരാളികൾക്കുപോലും സർവസമ്മതനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓർമ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം. തൊഴിലാളി പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായ ആനത്തലവട്ടം ആനന്ദനെ വേദി അനുസ്മരിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലുള്ള തൊഴിലാളി വർഗത്തിന്റെ ഉന്നമനം കൊണ്ടുമാത്രമേ സമൂഹത്തിന്റെ പുരോഗതി പൂർണമാകൂവെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ച നേതാവാണ് ആനത്തലവട്ടം ആനന്ദനെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഓർമ വൈസ് പ്രസിഡന്റ് ജിജിത അധ്യക്ഷയായി. അനീഷ് മണ്ണാർക്കാട്, സോണിയ പുൽപ്പാട്ട് എന്നിവർ നേതാക്കളെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഓർമ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും വനിതാവേദി കൺവീനർ ജംഷീല നന്ദിയും നേർന്നു. തുടർന്ന് ജമാൽ സ്മാരക ഫുട്ബാൾ ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപവത്കരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

