ചിറയിൻകീഴ് അൻസാറിനെ അനുസ്മരിച്ചു
text_fieldsചിറയിൻകീഴ് അൻസാർ അനുസ്മരണ സമ്മേളനത്തിൽ ലോക കേരള സഭ അംഗം എ.കെ. ബീരാൻകുട്ടി സംസാരിക്കുന്നു
അബൂദബി: സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും അബൂദബി മലയാളി സമാജത്തിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്ന ചിറയിൻകീഴ് അൻസാറിന്റെ പതിനാറാമത് ചരമവാർഷികം ഫ്രണ്ട്സ് എ.ഡി.എം.എസിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനത്തിൽ ഫ്രണ്ട്സ് എ.ഡി.എം.എസ് പ്രസിഡന്റ് ഫാഗൂർ എടപ്പാൾ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് എ.ഡി.എം.എസ് രക്ഷാധികാരിയും അബൂദബി മലയാളി സമാജം പ്രസിഡന്റുമായ സലിം ചിറക്കൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ഫ്രണ്ട്സ് എ.ഡി.എം.എസ് സ്ഥാപക നേതാവ്, പ്രഭാഷകൻ, ഗ്രന്ഥകാരൻ, നാടകപ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ച ചിറയിൻകീഴ് അൻസാർ അബൂദബിയുടെ സാംസ്കാരിക മണ്ഡലത്തിൽ സജീവമായിരിക്കെയാണ് ആകസ്മികമായി വിടപറഞ്ഞത്. അബൂദബിയിൽ പതിറ്റാണ്ടുകൾ നീണ്ടു പൊതു പ്രവർത്തനങ്ങളിലൂടെ കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഏവരുടെയും അംഗീകാരം പിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ വിയോഗം അടുത്തറിയുന്നവരിൽ കടുത്ത വേദനയുളവാക്കിയിരുന്നുവെന്ന് സലിം ചിറക്കൽ അനുസ്മരിച്ചു.
അബൂദബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ടി.എം. നിസാർ, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശുശീലൻ, ലോക കേരള സഭ അംഗം എ. കെ ബീരാൻകുട്ടി, ഫ്രണ്ട്സ് എ.ഡി.എം.എസ് വർക്കിങ് പ്രസിഡന്റ് പുന്നൂസ് ചാക്കോ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി, നാസർ വിളഭാഗം, യുവകലാസാഹിതി സെക്രട്ടറി നിതിൻ, മുഹമ്മദലി കല്ലുറുമ, ബിജു വാരിയർ, ശശി നടേശൻ എന്നിവർ സംസാരിച്ചു. ഫ്രണ്ട്സ് എ.ഡി.എം.എസ് ജനറൽ സെക്രട്ടറി അനുപ ബാനർജി സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഷഹീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

