കൊടുംചൂടിൽ ആശ്വാസം; 15 മുതൽ ഉച്ചവിശ്രമം
text_fieldsദുബൈ: കൊടുംചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഈ മാസം 15 മുതൽ ഉച്ചവിശ്രമം. ഇത് സംബന്ധിച്ച് മാനവവിഭവ ശേഷി, എമിറൈറ്റേസേഷൻ മന്ത്രാലയമാണ് നിർദേശം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മൂന്നു മാസക്കാലം ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലികൾ പാടില്ല. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് നിയമം നിലവിലുണ്ടാവുക.തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ചൂടുമൂലമുണ്ടാകുന്ന പരിക്കുകളിൽനിന്നും രോഗങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതുമാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം.
ഉച്ചവിശ്രമ നിയമം കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് 99 ശതമാനം പാലിക്കപ്പെട്ടതായി മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ആൻഡ് കോംപ്ലിയൻസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി മുഹ്സിൽ അലി അൽ നാസി പറഞ്ഞു. യു.എ.ഇയുടെ സ്വകാര്യ മേഖലയിൽ ആഴത്തിൽ വേരൂന്നിയ മാനുഷികവും സാമൂഹികവുമായ മൂല്യങ്ങളാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ, സുരക്ഷ പ്രശ്നങ്ങൾ തൊഴിലുടമകളും തൊഴിലാളികളും മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജോലിസ്ഥലങ്ങളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഫീൽഡ് പരിശോധനകൾ നടത്തുമെന്നും അൽ നാസി വ്യക്തമാക്കി.ഉച്ചവിശ്രമ സമയങ്ങളിൽ കമ്പനികൾ തൊഴിലാളികൾക്ക് ഇൻഡോർ ആയതോ തണലുള്ളതോ ആയ സ്ഥലങ്ങൾ ഒരുക്കിനൽകണം.
അതോടൊപ്പം ഫാൻ അല്ലെങ്കിൽ എ.സി പോലുള്ള സൗകര്യങ്ങളും ചൂടിനെ പ്രതിരോധിക്കാനായി സംവിധാനിക്കുകയും വേണം. ആവശ്യത്തിന് വെള്ളം, അംഗീകൃത ഹൈഡ്രേഷൻ സപ്ലിമെന്റ്സ്, സൈറ്റുകളിൽ ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കണം. ചില അനിവാര്യമായ സാഹചര്യങ്ങളിൽ ഉച്ചവിശ്രമ സമയത്തിൽ ഇളവ് അനുവദിക്കുന്നുണ്ടെങ്കിലും, ഈ സാഹചര്യങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. മന്ത്രാലയത്തിന്റെ പരിശോധന കാമ്പയിൻ നിയമം നിലവിലുള്ള കാലയളവിൽ നടക്കും. അതോടൊപ്പം നിയമലംഘനം സംബന്ധിച്ച് 600590000 എന്ന കാൾ സെന്റർ നമ്പർ വഴിയോ, മന്ത്രാലയം വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ വഴിയോ പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാവുന്നതാണ്.നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് ഒരു തൊഴിലാളിക്ക് 5,000 ദിർഹം പിഴ ഈടാക്കും. പരമാവധി 50,000 ദിർഹം വരെയാണ് പിഴ ചുമത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

