ഡ്രൈവർമാർക്ക് ആശ്വാസം; ലൈസൻസിലെ ബ്ലാക്ക് പോയന്റുകള്‍ കുറക്കാന്‍ അവസരമൊരുക്കി അബൂദബി പൊലീസ്
text_fieldsഅബൂദബി: അബൂദബിയിലെ വാഹനമോടിക്കുന്നവര്‍ക്ക് തങ്ങളുടെ ലൈസന്‍സിലുള്ള ട്രാഫിക് ബ്ലാക്ക് പോയന്റുകള്‍ കുറക്കാന്‍ അവസരമൊരുക്കി അബൂദബി പൊലീസ്. അല്‍ ദഫ്റ മേഖലയിലെ ലിവ നഗരത്തില്‍ ജൂലൈ 23 വരെ നടക്കുന്ന പ്രശസ്തമായ ലിവ റുതബ് (ഈത്തപ്പഴ) മേളയിലെ അബൂദബി പൊലീസിന്റെ പ്രത്യേക പവിലിയന്‍ സന്ദര്‍ശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താം. ട്രാഫിക് നിയമലംഘകര്‍ക്കായി ഒരുക്കിയ പ്രത്യേക യോഗ്യതാ കോഴ്‌സില്‍ പങ്കെടുത്താണ് ബ്ലാക്ക് പോയന്റുകള്‍ കുറയ്‌ക്കേണ്ടത്. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് പദ്ധതി നടപ്പാക്കുന്നത്.
ലിവ റുതബ് ഫെസ്റ്റിവലില്‍ രണ്ട് ഘട്ടങ്ങളായാണ് ട്രാഫിക് പോയന്റ് കുറക്കാനുള്ള സേവനം ലഭ്യമാകുക. ആദ്യ ഘട്ടം ജൂലൈ 17 മുതല്‍ 19 വരെയും രണ്ടാം ഘട്ടം ജൂലൈ 22, 23 തീയതികളിലുമായിരിക്കും. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ മേളയിലെ പവിലിയനില്‍ വൈകുന്നേരം 4.30, 6.00, രാത്രി 7.30 എന്നീ സമയങ്ങളില്‍ നടക്കുന്ന മൂന്ന് ബോധവല്‍ക്കരണ പ്രഭാഷണങ്ങളില്‍ ഒന്നില്‍ പങ്കെടുക്കേണ്ടതുണ്ട്.
രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രഭാഷണം ആരംഭിക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും അപേക്ഷകര്‍ സ്ഥലത്തെത്തണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എമിറേറ്റ്‌സ് ഐ.ഡി നിര്‍ബന്ധമായും കരുതണമെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. നേരത്തെ, സമാനമായ രീതിയില്‍ അല്‍ ഐനിലെ സായിദ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നടന്ന 'സ്മാര്‍ട്ട് റോഡ് സെക്യൂരിറ്റി' പദ്ധതിയിലൂടെയും ബ്ലാക്ക് പോയന്റുകള്‍ കുറക്കാനും ലൈസന്‍സ് തിരികെ വാങ്ങാനും വാഹന ഉടമകള്‍ക്ക് പൊലീസ് അവസരമൊരുക്കിയിരുന്നു.
യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍, അബൂദബി ഹെറിറ്റേജ് അതോറിറ്റിയാണ് ലിവ റുതബ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളകളിലൊന്നായ ഇതില്‍ ഇത്തവണ വിവിധയിനം മത്സരങ്ങള്‍, ഫ്രൂട്ട് മത്സരങ്ങള്‍, മികച്ച ഫാം തെരഞ്ഞെടുപ്പുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി മത്സരങ്ങളും പാരമ്പര്യ പൈതൃക വിപണികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

