ആദ്യ അധ്യയന ദിനത്തിൽ ജോലി സമയത്തിൽ ഇളവ്
text_fieldsദുബൈ: രാജ്യത്ത് അധ്യയന വർഷം ആരംഭിക്കുന്ന ദിവസം സ്കൂൾ കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്. കുട്ടികളെ സ്കൂളിൽ വിടാനും തിരികെ കൂട്ടാനും സൗകര്യമൊരുക്കുന്നതിനാണ് ഇളവ് അനുവദിച്ചതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൺ റിസോഴ്സസ് അറിയിച്ചു. ഓഫിസിൽ വരുന്നതിനും പോകുന്നതിനും സൗകര്യപ്രദമായ സമയക്രമം പാലിക്കാൻ ജീവനക്കാരെ അനുവദിക്കണമെന്ന് ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. മൂന്നു മണിക്കൂറാണ് പരമാവധി ഇളവ് ലഭിക്കുന്ന സമയം.
അതേസമയം നഴ്സറി, കിന്റർഗാർട്ടൻ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച മുഴുവൻ ഇളവ് ലഭിക്കും. കുട്ടികളെ പുതിയ രീതികൾ പരിചയപ്പെടുത്തുന്നതിന് കൂടുതൽ സമയമനുവദിക്കാനാണിത്. ഇക്കാലയളവിൽ മൂന്ന് മണിക്കൂർ വരെ ഇളവ് ലഭിക്കും. സ്കൂളുമായി ബന്ധപ്പെട്ട സമയ ഇളവ് തൊഴിലിടത്തിൽ നിലവിലുള്ള രീതികൾ അനുസരിച്ചും ജീവനക്കാരന്റെ മാനേജറുടെ അനുവാദത്തോടെയുമായിരിക്കണം.
അജ്മാനിലും ജീവനക്കാർക്ക് ഇളവ്
അജ്മാന്: അവധിക്കുശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ അജ്മനിലും സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് ജോലി സമയങ്ങളില്‍ ഇളവുകള്‍. അജ്മാൻ ഹ്യൂമൻ റിസോഴ്സ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. ആദ്യ ആഴ്ചയിലെ മുഴുവൻ ദിവസങ്ങളിലും കുട്ടികളെ നഴ്സറിയിലോ കിൻറർഗാർട്ടനിലേക്കോ കൊണ്ടുപോകുന്നതിനും വീട്ടിലേക്ക് തിരികെ പോകുന്നതിനും മാതാപിതാക്കളായ ജീവനക്കാർക്ക് ഹാജർ വൈകാനോ നേരത്തെ പോകാനോ അനുമതി നൽകണമെന്ന് സർക്കുലർ വ്യവസ്ഥ ചെയ്യുന്നു. സ്കൂളുകള്‍ തുറന്ന ആദ്യത്തെ ഒരാഴ്ചത്തേക്കാണ് ഈ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
അനുമതി പ്രതിദിനം ആകെ മൂന്ന് മണിക്കൂറിൽ കൂടരുതെന്നും പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്.-പ്രൈമറി സ്കൂളിലും അതിനു മുകളിലും പഠിക്കുന്ന കുട്ടികളുള്ള ജീവനക്കാർക്ക് സ്കൂളിന്റെ ആദ്യദിവസം സമയപരിധിക്ക് വിധേയമായി സമാനമായ അനുമതി നൽകുന്നുണ്ട്. പാഠ്യപദ്ധതി അനുസരിച്ച് സ്കൂൾ വർഷത്തിന്റെ തുടക്കം വ്യത്യസ്ത ദിനങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

