ലഹരി വിമുക്തി കേന്ദ്രങ്ങൾ തുറക്കും - വേൾഡ് കെ.എം.സി.സി
text_fieldsദുബൈ: കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ബാധിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് വേൾഡ് കെ.എം.സി.സി അഭ്യർഥിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്കൂള്‍ പി.ടി.എകള്‍, പൊതു പ്രവർത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, പൊലീസ്, മാധ്യമങ്ങള്‍, മത നേതാക്കള്‍, യുവാക്കള്‍ എന്നിവരെയൊക്കെ ഉള്‍ക്കൊള്ളിച്ച് ജനകീയ വിജിലൻസ് സ്ക്വാഡുകള്‍ പഞ്ചായത്തുകള്‍ തോറും രൂപവത്കരിച്ചു.
ഇക്കാര്യത്തില്‍ വേൾഡ് കെ.എം.സി.സി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ഡി-അഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കും. ഏറ്റവും ഫലപ്രദമായ രീതിയില്‍ പ്രവർത്തിക്കുന്ന മികച്ച വിജിലൻസ് സ്ക്വാഡിന് കാഷ് അവാർഡ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഏറ്റവും നല്ല ഹ്രസ്വചിത്രം, റീലുകള്‍, മറ്റു സമൂഹ മാധ്യമ (കണ്ടെന്റുകള്) ഉള്ളടക്കങ്ങള്‍ എന്നിവക്കും സമ്മാനങ്ങള്‍ നൽകും. പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും ലഹരി വിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനും ഡോ. മുഹമ്മദലി കൂനാരി (ജർമനി), എസ്.എ.എം ബഷീര്‍(ഖത്തര്‍) എന്നിവരെ ചുമതലപ്പെടുത്തി.
കെ.പി മുഹമ്മദ് കുട്ടി(സൗദി അറേബ്യ)യുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന്(യു.എ.ഇ) സ്വാഗതവും നന്ദിയും പറഞ്ഞു. വേൾഡ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഒരു സർവകലാശാല സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്നതിന് ഖാദര്‍ ചെങ്കള (സൗദി അറേബ്യ), എസ്.എ.എം ബഷീര്‍(ഖത്തര്‍), യു.എ നസീര്‍(യു.എസ്) എന്നിവരെ ചുമതലപ്പെടുത്തി. യു. അബ്ദുല്ല ഫാറൂഖി(യു.എ.ഇ), കുഞ്ഞമ്മദ് പേരാമ്പ്ര(കുവൈത്ത്), സി.വി.എം വാണിമേല്‍, അസൈനാര്‍ കളത്തിങ്കല്‍(ബഹ്റൈന്‍), അബ്ദുന്നാസര്‍ നാച്ചി(ഖത്തര്‍), ഷബീര്‍ കാലടി(സലാല) എന്നിവര്‍ ചർച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

