ദുബൈയിൽ കൗമാരക്കാർക്ക് പുനരധിവാസ കേന്ദ്രം
text_fields18 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങ്
ദുബൈ: 18 വയസ്സിന് താഴെയുള്ള കൗമാരക്കാരായ ആൺകുട്ടികൾക്ക് ദുബൈയിൽ പുനരധിവാസ കേന്ദ്രം തുറന്നു. ദുബൈയിൽ ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. അവഗണനയോ ആക്രമണമോ നേരിടുന്ന 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ മാനസികവും ശാരീരികവുമായ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
എമിറേറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും കുട്ടികളെ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാം. ഇങ്ങനെ പ്രവേശിപ്പിക്കുന്ന ഓരോ കുട്ടിയും ഏതുതരത്തിലുള്ള പീഡനമാണ് നേരിടുന്നതെന്ന് തിരിച്ചറിയുന്നതിനായി സമഗ്രമായ ഒരു വിലയിരുത്തലിന് വിധേയമാക്കും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്കായി ഒരു സംരക്ഷണ പദ്ധതി അവതരിപ്പിക്കും. നിലവിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സൗകര്യം എമിറേറ്റിലില്ല. യൂത്ത്, സ്പോർട്സ് ഹോസ്റ്റലുകളിലാണ് ഇത്തരം കുട്ടികളെ താമസിപ്പിച്ചുവരുന്നത്. 2022 മുതൽ 20 കുട്ടികളുടെ ചെലവുകൾ ദുബൈ ഫൗണ്ടേഷനാണ് വഹിച്ചുവരുന്നത്. 20 ആൺകുട്ടികളെ ഉൾക്കൊള്ളാനുള്ള ശേഷി മാത്രമാണ് ഈ കേന്ദ്രത്തിനുള്ളത്.
ഇവരെ നിയന്ത്രിക്കുന്നതിന് 14 പുരുഷ ജീവനക്കാരും പ്രവർത്തിച്ചുവരുന്നു. സാമൂഹിക പ്രവർത്തകർ, മനഃശാസ്ത്രജ്ഞർ, റസിഡൻഷ്യൽ സൂപ്പർവൈസർമാർ, മറ്റ് ജീവനക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുമെന്ന് ദുബൈ ഫൗണ്ടേഷൻ ഫോർ വുമൻ ആൻഡ് ചിൽഡ്രൻ ആക്ടിങ് ഡയറക്ടർ ജനറൽ ശൈഖ സഈദ് അൽ മൻസൂരി പറഞ്ഞു. കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ ലൈസൻസുള്ള ജീവനക്കാരാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. ഇവർക്ക് ആദ്യ രണ്ടുവർഷം 40 മണിക്കൂറിലധികം സമയം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നുണ്ട്. ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ എണ്ണം മൂന്നിൽനിന്ന് നാലായി വർധിപ്പിച്ചതായും അവർ അറിയിച്ചു.
ബെഡ് റൂമുകൾ, പഠനമുറികൾ, അടുക്കള, ജിം, പ്രാർഥന മുറികൾ, വിനോദത്തിനായുള്ള സ്ഥലങ്ങൾ, ലിവിങ് റൂമുകൾ, കൗൺസലിങ് ഇടങ്ങൾ എന്നിവ സൗകര്യങ്ങൾ പുനരധിവാസ കേന്ദ്രങ്ങളിൽ ഒരുക്കും. കമ്യൂണിറ്റി, പൊലീസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും കുട്ടികളെ പുനരധിവാസ കേന്ദ്രത്തിൽ
പ്രവേശിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

