സുരക്ഷ ഉറപ്പാക്കാൻ ജെ.ബി.ആറിൽ ഇ-സ്കൂട്ടറുകൾക്ക് നിയന്ത്രണം
text_fieldsദുബൈ: താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബൈ ജുമൈറ ബീച്ച് റസിഡന്റ്സ്(ജെ.ബി.ആർ) മേഖലയിൽ ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനമേർപ്പെടുത്തി അധികൃതർ.
അപകടങ്ങൾ കുറക്കാനും സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനുമാണ് നടപടിയെന്ന് മാനേജ്മെന്റിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇ-ബൈക്കുകളുടെയും ഇ-സ്കൂട്ടറുകളുടെയും ക്രോസ്-ഔട്ട് ഐക്കണുകളുള്ള അറബിയിലും ഇംഗ്ലീഷിലുമുള്ള അറിയിപ്പുകൾ പ്രദേശത്ത് അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.
നിരവധി സന്ദർശകർ എത്തിച്ചേരുന്ന പ്രദേശത്ത് ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും നിയന്ത്രിച്ചത് സുരക്ഷക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ ദുബൈ മെട്രോയിലും ട്രാമിലും സുരക്ഷ പരിഗണിച്ച് ഇവക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇ-സ്കൂട്ടർ ഉപയോഗം വർധിച്ചതോടെ അപകടങ്ങളും വർധിച്ചിട്ടുണ്ട്.
നിയമം പാലിക്കാത്ത ഇ-സ്കൂട്ടർ ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ തുടർച്ചയായി വ്യക്തമാക്കിയിട്ടുണ്ട്. 16 വയസ്സിന് താഴെയുള്ളവർ ഇ-സ്കൂട്ടർ ഓടിക്കുക, വേഗപരിധി പാലിക്കാതിരിക്കുക, റിഫ്ലക്ടിവ് ജാക്കറ്റുകളും ഹെൽമറ്റും ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധത്തിൽ വാഹനമോടിച്ച റൈഡർമാർക്ക് 300 ദിർഹമാണ് പിഴ ചുമത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

