അജ്മാൻ അഗ്രികൾച്ചർ അവാർഡിന് രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsഅജ്മാന്‍: അജ്മാൻ കാർഷിക അവാർഡ് 2026ന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. 17-ാമത് പതിപ്പിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ ഒന്ന് മുതല്‍ ആരംഭിച്ചതായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് അറിയിച്ചു. അജ്മാൻ എമിറേറ്റിലെ കാർഷിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്. എമിറേറ്റിന്‍റെ കാർഷിക ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും നഗര കൃഷിയുടെയും പാരിസ്ഥിതിക സംരംഭങ്ങളുടെയും വിശിഷ്ട മാതൃകകൾ അവതരിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഓപ്പണിങ് രജിസ്ട്രേഷൻ ഒരു തുറന്ന ക്ഷണമാണെന്ന് ഡിപ്പാർട്ട്‌മെന്‍റിലെ കൃഷി, പബ്ലിക് പാർക്കുകൾ വകുപ്പ് ഡയറക്ടറും അവാർഡ് ടീമിന്റെ മേധാവിയുമായ അഹമ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു.
സുസ്ഥിര കൃഷിയുടെ ആശയങ്ങൾ ഏകീകരിക്കുന്നതിനും സമൂഹത്തിലെ അംഗങ്ങളെയും സ്ഥാപനങ്ങളെയും ഹരിത പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനും നൂതന കാർഷിക രീതികൾ സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് ആരംഭിച്ച ഗുണപരമായ സംരംഭങ്ങളിൽ ഒന്നാണ് ഈ അവാർഡെന്ന് അദ്ദേഹം വിശദീകരിച്ചു. കൃഷിയിലും സുസ്ഥിരതാ തത്വങ്ങളിലും താൽപ്പര്യമുള്ളവർ കാത്തിരിക്കുന്ന ഒരു വാർഷിക പരിപാടിയായി അവാർഡ് മാറിയിരിക്കുന്നുവെന്ന് അൽ-മുഹൈരി കൂട്ടിച്ചേർത്തു. ഇൻഡോർ ഹോം ഗാർഡനുകൾ, ഔട്ട്ഡോർ ഹോം ഗാർഡനുകൾ, ഉൽപ്പാദനക്ഷമതയുള്ള ഹോം ഗാർഡനുകൾ, സർക്കാർ ഏജൻസി ഗാർഡനുകൾ, സ്കൂൾ ഗാർഡനുകൾ, പള്ളികൾ, റെസിഡൻഷ്യൽ ബാൽക്കണികൾ, ഹോട്ടലുകൾ, മികച്ച കാർഷിക സംരംഭങ്ങൾ ഉള്ളവ എന്നിവയ്ക്ക് പുറമേ, ചെറുകിട കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പുതിയ വിഭാഗം ഉൾപ്പെടുന്ന അവാർഡ് വിഭാഗങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സംഘാടക സമിതി അംഗീകരിച്ച മൂല്യനിർണയ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി മൊത്തം ഒരു ലക്ഷം ദിര്‍ഹം അവാര്‍ഡായി നല്‍കുമെന്ന് അൽ മുഹൈരി വ്യക്തമാക്കി.
അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.am.gov.ae/ar/Ajman-Award-for-Agriculture/ വഴി 2025 ഡിസംബർ ഒന്നു വരെ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള തെളിവ്, ഫോട്ടോകൾ, കൃത്യമായ സ്ഥലം തിരിച്ചറിയൽ രേഖ, സ്വയം ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള കുറഞ്ഞത് ആറ് കാർഷിക ഇനങ്ങള്‍ എന്നിവ അവാർഡിന് സമർപ്പിക്കേണ്ടതുണ്ട്. മൂല്യനിർണ്ണയ പ്രക്രിയയിൽ പങ്കെടുക്കുന്നയാളോ അവരുടെ പ്രതിനിധിയോ ഉണ്ടായിരിക്കണം എന്നും നിബന്ധനയില്‍ പറയുന്നുണ്ട്. അപേക്ഷകന് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അവാർഡ് ലഭിച്ചിരിക്കരുത് എന്ന വ്യവസ്ഥയും നിര്‍ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

