ഷാർജ എക്സലൻസ് അവാർഡിന് രജിസ്ട്രേഷൻ തുടങ്ങി
text_fieldsഷാർജ: ബിസിനസ് രംഗത്തെ മികവിന് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി നൽകിവരുന്ന ഷാർജ എക്സലൻസ് അവാർഡിന് രജിസ്ട്രേഷൻ തുടങ്ങി. 2024 ഡിസംബർ വരെയാണ് രജിസ്ട്രേഷന് അവസരമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസ്താവനയിൽ അറിയിച്ചു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യ രക്ഷാധികാരത്തിൽ ഒരുക്കുന്ന അവാർഡിലൂടെ നവീനമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും ആഗോളതലത്തിലെ ഏറ്റവും മികച്ച രീതികൾ നടപ്പാക്കാനും ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
യു.എ.ഇയിലെയും ജി.സി.സി രാജ്യങ്ങളിലെയും സ്വകാര്യ മേഖലാ കമ്പനികൾക്കും ബിസിനസ് സംരംഭങ്ങൾക്കും അവാർഡിന് അപേക്ഷിക്കാം. പങ്കെടുക്കുന്നവർക്ക് ചേംബർ സംഘടിപ്പിക്കുന്ന വിവിധ കോഴ്സുകളിലും പരിപാടികളിലും പങ്കെടുക്കാൻ അവസരമുണ്ടാകും. ഗുണനിലവാരം, നൂതനത്വം, ഗുണകരമായ സാമൂഹിക മാറ്റം എന്നിങ്ങനെയുള്ള ഘടകങ്ങൾ അപേക്ഷകരെ വിലയിരുത്തുന്നതിന് മാനദണ്ഡമായിരിക്കും.
അവാർഡിന്റെ മുൻകാല എഡിഷനുകളിൽ വിപുലമായ രീതിയിൽ പങ്കാളിത്തം ഉണ്ടായിട്ടുണ്ടെന്ന് ഷാർജ എക്സലൻസ് അവാർഡ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെയും ചേംബറിന്റെയും ചെയർമാനായ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പ്രസ്താവനയിൽ പറഞ്ഞു.
വിജ്ഞാനവും നൂതനത്വവും അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമ്പദ്ഘടന കെട്ടിപ്പടുക്കാനുള്ള ചേംബറിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എട്ട് കാറ്റഗറികളിലാണ് അവാർഡ് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

