റീജനൽ സ്‌പെഷല്‍ ഒളിമ്പിക്‌സ്; തുനീഷ്യയിലേക്ക് പറന്ന് യു.എ.ഇ സംഘം
text_fieldsഅബൂദബി: പത്താമത് റീജ്യനല്‍ സ്‌പെഷല്‍ ഒളിമ്പിക്‌സ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (മെന) ബീച്ച് ഗെയിംസില്‍ പങ്കെടുക്കാനുള്ള യു.എ.ഇ സംഘം തുനീഷ്യയിലേക്ക് തിരിച്ചു. ബുധനാഴ്ച നടന്ന ക്ലാസിഫിക്കേഷന്‍ മത്സരങ്ങള്‍ക്കുശേഷം, ജൂണ്‍ 18ന് ഔദ്യോഗിക ഉദ്ഘാടനത്തോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. തുനീഷ്യയിലെ സൂസ്, ഹമ്മാമെത് എന്നീ നഗരങ്ങളിലാണ് ഇത്തവണത്തെ കായികമാമമാങ്കം അരങ്ങേറുന്നത്. യു.എ.ഇയില്‍ നിന്നുള്ള 15 അംഗ സംഘത്തില്‍ ആറ് നിശ്ചയദാർഢ്യ അത്ലറ്റുകളും മൂന്ന് യൂനിഫൈഡ് പാര്‍ട്ണര്‍മാരും പരിശീലകരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും ഉള്‍പ്പെടുന്നുണ്ട്. മേഖലയിലെ 11 സ്‌പെഷല്‍ ഒളിമ്പിക്‌സ് പ്രോഗ്രാമുകളില്‍ നിന്നുള്ള ടീമുകളോടാണ് യു.എ.ഇ മാറ്റുരക്കുന്നത്.
ഇത്തവണത്തെ റീജ്യനല്‍ ഗെയിംസിന്‍റെ ഘടനയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മുമ്പ് നാല് വര്‍ഷത്തിലൊരിക്കല്‍ ഒരൊറ്റ നഗരത്തില്‍ മാത്രം നടത്തിയിരുന്ന രീതിക്ക് പകരം, വര്‍ഷത്തിലുടനീളം വിവിധ അറബ് രാജ്യങ്ങളിലും നഗരങ്ങളിലുമായി മത്സരങ്ങള്‍ നടത്തുന്ന പുതിയ ശൈലിയാണ് നടപ്പാക്കിയിരിക്കുന്നത്. കൂടുതല്‍, രാജ്യങ്ങള്‍ക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം നല്‍കാനും മത്സരങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കാനുമാണ് ഈ മാറ്റം. ബീച്ച് വോളിബാള്‍, ഓപണ്‍ വാട്ടര്‍ സ്വിമ്മിങ്, ട്രയാത്ലണ് എന്നീ മൂന്ന് ഇനങ്ങളിലാണ് ഈ ക്ലസ്റ്ററില്‍ മത്സരങ്ങള്‍ നടക്കുന്നത്. യു.എ.ഇ സംഘം മൂന്നിനങ്ങളിലും പങ്കെടുക്കും. ജൂണ്‍ 21 വരെ നീളുന്ന മെഡല്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ജൂണ്‍ 22ന് സംഘം യു.എ.ഇയിലേക്ക് മടങ്ങും.
രാജ്യത്തെ വിവിധ ക്ലബുകളില്‍ നിന്നും സെന്‍ററുകളില്‍ നിന്നുമുള്ള ആയിരത്തിലധികം നിശ്ചയദാർഢ്യ അത്ലറ്റുകള് പങ്കെടുത്ത രണ്ടാമത് യു.എ.ഇ ഗെയിംസ് വിജയകരമായി സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര മത്സരങ്ങളുടെ കളത്തിലിറങ്ങുന്നത്. കായികതാരങ്ങള്‍ക്ക് മികച്ച പരിചയസമ്പത്തും അന്താരാഷ്ട്ര തലത്തില്‍ മറ്റ് താരങ്ങളുമായി ഇടപഴകാനുള്ള അവസരവും നല്‍കുന്നതില്‍ ഇത്തരം മത്സരങ്ങള്‍ വലിയ സാധ്യതയാണെന്ന് സ്‌പെഷല്‍ ഒളിമ്പിക്‌സ് യു.എ.ഇ നാഷനല്‍ ഡയറക്ടര്‍ തലാല്‍ അല്‍ ഹാഷിമി പറഞ്ഞു. യു.എ.ഇ സ്‌പെഷല്‍ ഒളിമ്പിക്‌സ് സമൂഹത്തില്‍ ബീച്ച് ഗെയിംസിന് വലിയ ജനപ്രീതിയുണ്ടെന്നും മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

