മഞ്ഞില്‍ കുളിരണിയിക്കാനൊരുങ്ങി റീം പാര്‍ക്ക്
text_fieldsഅബൂദബി: മഞ്ഞില്‍ പുതഞ്ഞ താഴ് വാരം, തണുത്തുറഞ്ഞ തടാകം, മഞ്ഞ് പെയ്തിറങ്ങുന്ന പര്‍വതങ്ങള്‍... അങ്ങനെ മഞ്ഞിൽ കുളിരണിയിക്കാനൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്നോ പാര്‍ക്ക്. അബൂദബി നഗരത്തിലെ റീം മാളിലാണ് ആഗോള ജനതയെ വിസ്മയിപ്പിക്കാന് മഞ്ഞില്‍ നിറഞ്ഞ ഉദ്യാനം തയാറാവുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുംവിധമുള്ള സംവിധാനങ്ങളാണ് അന്തിമ മിനുക്കുപണികള്‍ പൂര്‍ത്തിയായി വരുന്ന റീം മാളില്‍ ഒരുക്കുന്നത്. പാര്‍ക്ക് ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം. പാര്‍ക്ക്, തീവണ്ടി, മാര്‍ക്കറ്റ്, വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കളിക്കളങ്ങള്‍ തുടങ്ങിയവയാണ് സജ്ജമാവുന്നത്.
മഞ്ഞുപാര്ക്കില് കുട്ടികള്‍ക്ക് കളികളില്‍ ഏര്‍പ്പെടാനും മാര്‍ക്കറ്റ് ബസാറില്‍ മുതിര്‍ന്നവര്‍ക്ക് ഷോപ്പിങ് നടത്താനും സാധിക്കും. കാഴ്ച ആസ്വദിക്കേണ്ടവര്‍ക്ക് പാര്‍ക്കിലും താഴ് വാരങ്ങളിലുമെല്ലാം നടക്കുകയുമാവാം. 10,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പാര്‍ക്കില്‍ 12 റൈഡുകളാണുണ്ടാവുക. 17 വ്യത്യസ്ത പ്രമേയങ്ങളിലായിട്ടാണ് പാര്‍ക്കിനെ തിരിച്ചിരിക്കുന്നത്.
മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനില ക്രമീകരിച്ച പാര്‍ക്കിനകത്ത് 500 മില്ലിമീറ്റര്‍ മഞ്ഞുവീഴ്ചയുണ്ടാവും. രണ്ട് വലിയ സ്ലൈഡറും ഭക്ഷണശാലയും പാര്‍ട്ടി നടത്താനുള്ള സൗകര്യവുമുണ്ട്. അല്‍ ഫര്‍വാനിയ പ്രോപ്പര്‍ട്ടി ഡവലപേഴ്സ്, മാജിദ് അള് ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെല്‍ എന്നിവയാണ് മഞ്ഞ് പാര്‍ക്കിന്റെ അണിയറയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

