അബൂദബിയിൽ മുതിർന്ന പൗരൻമാർക്ക് ടോൾ നിരക്കിൽ ഇളവ്
text_fieldsഅബൂദബി നഗര വീഥിയിലെ ടോൾഗേറ്റുകളിലൊന്ന്
അബൂദബി: അബൂദബി നഗരത്തിലെ പാതകളിൽ മുതിർന്ന പൗരന്മാർ, വിരമിച്ച പൗരന്മാർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്ക് ടോൾ നിരക്കിൽ ഇളവ് അനുവദിക്കും. ഇതിനായി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററിെൻറ 'ഡാർബ്' സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. ഇതുവരെ 16,690 വാഹന ഉടമകളുടെ അപേക്ഷകൾ അംഗീകരിച്ച് ടോൾ നിരക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ട്രാഫിക് ടോൾ സിസ്റ്റത്തിെൻറ വെബ്സൈറ്റ് വഴിയോ 'ഡാർബ്' സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ അപേക്ഷ സമർപ്പിക്കാം. ഒരു ഉപഭോക്താവിന് ഒരു വാഹനത്തിൽ മാത്രമായി ഇളവ് പരിമിതപ്പെടുത്തിയിരിക്കുന്നു.
ആദ്യ വാഹനത്തിെൻറ ഇളവ് റദ്ദാക്കിയിട്ടുണ്ടെങ്കിൽ ഉടമ ആവശ്യപ്പെടുന്ന പ്രകാരം ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഇളവ് കൈമാറ്റം ചെയ്യാനാവും. അപേക്ഷിക്കുന്നതിന് ട്രാഫിക് ടോൾ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത അക്കൗ ണ്ട് വഴി അപേക്ഷകൻ ലോഗിൻ ചെയ്യണം. ഈ പേജിൽ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ഒഴിവാക്കലിനുള്ള കാരണം രേഖപ്പെടുത്തുകയും വേണം. അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്താൽ ഇ-മെയിൽ അല്ലെങ്കിൽ എസ്.എം.എസ് അറിയിപ്പ് ലഭിക്കും.
സാധാരണ ട്രാഫിക് ടോളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് എട്ട് തരം വാഹനങ്ങളെയാണ്. ആംബുലൻസുകൾ, സായുധ സേന വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, മറ്റു എമിറേറ്റ്സിലെ ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ അംഗീകരിച്ച സ്കൂൾ ബസുകൾ, എല്ലാ പാസഞ്ചർ ബസ്സുകളും, അബൂദബി പൊലീസ്, ആഭ്യന്തര മന്ത്രാലയം അല്ലെങ്കിൽ മറ്റ് പ്രാദേശിക എമിറേറ്റ്സ് പൊലീസ് വാഹനങ്ങൾ എന്നിവയുടെ ലോഗോയും നമ്പറുമുള്ള വാഹനങ്ങളും ട്രെയിലർ വാഹനങ്ങളുമാണ് ടോളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. അബൂദബിയിലെ സമഗ്ര റോഡ് ഗതാഗത പദ്ധതിക്ക് അനുസൃതമായാണ് നഗരത്തിലേക്കുള്ള പാതകളിൽ ട്രാഫിക് ടോൾ സംവിധാനം ഏർപ്പെടുത്തിയത്. ഗതാഗത മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, വാഹനങ്ങളുടെ വ്യക്തിഗത ഉപയോഗം കുറക്കൽ എന്നിവയാണ് ടോൾ കാര്യക്ഷമമാക്കിയതിലൂടെയുള്ള ലക്ഷ്യം. സ്വകാര്യ വാഹനങ്ങൾക്കു പകരം പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ സമൂഹത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കലും ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

