‘ചുവപ്പ് സിഗ്നൽ ചുമ്മാതല്ല’; മുന്നറിയിപ്പുമായി ദുബൈ പൊലീസ്
text_fieldsചുവപ്പ് സിഗ്നൽ മറികടന്നെത്തിയ കാർ മറ്റൊരു കാറിൽ ഇടിക്കുന്നു. ദുബൈ പൊലീസ് പങ്കുവെച്ച ദൃശ്യത്തിൽനിന്ന്
ദുബൈ: ചുവപ്പ് സിഗ്നൽ മറികടന്നതുമൂലം ഈ വർഷം ഇതുവരെ 41 ട്രാഫിക് അപകടങ്ങൾ ഉണ്ടാവുകയും അതിൽ നാലു പേർ മരണപ്പെടുകയും ചെയ്തു. 55 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകുകയാണ് ദുബൈ പൊലീസ്.
ചുവപ്പ് സിഗ്നൽ മറികടക്കുന്നത് റോഡ് ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഏറ്റവും അപകടകരമായ ട്രാഫിക് നിയമലംഘനങ്ങളിലൊന്നാണെന്ന് ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ പറഞ്ഞു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ പലപ്പോഴും ജങ്ഷനുകളിൽ വൻ കൂട്ടിയിടികൾക്ക് കാരണമാകും. ഇത് ഗുരുതരമായ പരിക്കുകളിലേക്കും ജീവഹാനിയിലേക്കും നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഈ വർഷം ആരംഭിച്ചതുമുതൽ ചുവപ്പ് സിഗ്നൽ മറികടന്നതുമൂലം 41 അപകടങ്ങൾ രേഖപ്പെടുത്തിയതായി ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ നാല് പേർ മരിക്കുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാഫിക് സിഗ്നലുകളും റോഡ് സുരക്ഷാ നിയമങ്ങളും പാലിക്കാത്തതുമായി ബന്ധപ്പെട്ട വലിയ അപകടസാധ്യതകളുടെ സൂചനയാണ് ഈ കണക്കുകൾ’ -അദ്ദേഹം പറഞ്ഞു.
സമയം ലാഭിക്കാനുള്ള തത്രപ്പാട്, വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലമുള്ള ശ്രദ്ധക്കുറവ്, സിഗ്നൽ ചുവപ്പാകുന്നതിന് തൊട്ടുമുൻപുള്ള അവസാന നിമിഷത്തിൽ ജങ്ഷൻ മുറിച്ചുകടക്കാനുള്ള ശ്രമം, വേഗതയും ദൂരവും കൃത്യമായി കണക്കുകൂട്ടുന്നതിലെ പിഴവ് തുടങ്ങിയവയാണ് ഈ നിയമലംഘനത്തിന് പിന്നിലെ ചില പ്രധാന കാരണങ്ങൾ. വെറും സെക്കൻഡുകളുടെ വ്യത്യാസം കൊണ്ട് നിരപരാധികളായ മനുഷ്യരുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന ദാരുണ അപകടങ്ങൾ ഉണ്ടായേക്കാമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

