അല്‍ഐനിലും അല്‍ദഫ്റയിലും റീസൈക്ലിങ് യൂനിറ്റുകള്‍
text_fieldsഅബൂദബി: പൊതുഗതാഗതം ആശ്രയിക്കുന്നവര്‍ക്കായി അല്‍ഐനിലും അല്‍ദഫ്റയിലും കൂടി പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുന്ന റീസൈക്ലിങ് യൂനിറ്റുകള്‍ സ്ഥാപിച്ച് അബൂദബി മൊബിലിറ്റി. റീസൈക്ലിങ് യൂനിറ്റുകളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് ഇന്‍സെന്റിവ് ലഭിക്കുന്ന പദ്ധതി 2022ലാണ് അധികൃതര്‍ തുടക്കംകുറിച്ചത്. റീസൈക്ലിങ് യൂനിറ്റുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുന്നതിന് പകരമായി ലഭിക്കുന്ന പോയന്റുകള്‍ക്ക് പകരം ബസ് യാത്രക്കൂലി കുറച്ചു നല്‍കുന്നതാണ് ഈ സംവിധാനം.
അബൂദബി പരിസ്ഥിതി ഏജന്‍സിയും സ്മാര്‍ട്ട് റീസൈക്ലിങ് സ്റ്റേഷനുകളുടെ നിര്‍മാണത്തിലും വിന്യസിക്കലിലും വിദഗ്ധരായ സൈക്കിള്‍ഡ് ടെക്നോളജീസുമായി സഹകരിച്ചാണ് അബൂദബി മൊബിലിറ്റി റീസൈക്ലിങ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നത്.
പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച റീസൈക്ലിങ് യൂനിറ്റുകളില്‍ യാത്രികര്‍ക്ക് കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനും ഇതിന് പ്രതിഫലമായി പോയന്റുകള്‍ നേടാനും സാധിക്കും. സൈക്കിള്‍ഡ് റിവാർഡ്സ് ആപ്ലിക്കേഷന്‍ മുഖേനയാണ് ഇത്തരം പോയന്റുകള്‍ ലഭിക്കുന്നത്.
ഓരോ തവണയും നിക്ഷേപിക്കുന്ന പോയന്റുകള്‍ പിന്നീട് ഹഫിലാത്ത് പേഴ്സനല്‍ കാര്‍ഡിലേക്ക് ക്രെഡിറ്റാവുകയും ഇതുപയോഗിച്ച് പൊതുഗതാഗത ബസുകളില്‍ ടിക്കറ്റ് ചാര്‍ജായി നല്‍കാനും കഴിയും. 600 മില്ലിയോ ഇതില്‍ കുറവോ ഉള്ള പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയന്റാണ് ലഭിക്കുക. 600 മില്ലിക്ക് മുകളില്‍ ഉള്ള ഓരോ കുപ്പിക്കും രണ്ട് പോയന്റുകള്‍ വീതം ലഭിക്കും. ഓരോ പോയന്റും 10 ഫില്‍സായാണ് കണക്കാക്കുന്നത്. 10 പോയന്റുകള്‍ ലഭിച്ചാല്‍ ഒരു ദിര്‍ഹമാണ് ലഭിക്കുന്നതെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

