റെക്കോഡ് മഴ; ഫുജൈറയിൽ പ്രളയം
text_fieldsഫുജൈറയിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നുകെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നു
ദുബൈ: പേമാരിയായി ആകാശം പെയ്തിറങ്ങിയപ്പോൾ യു.എ.ഇയുടെ വടക്കൻ എമിറേറ്റുകൾ വെള്ളത്തിൽ മുങ്ങി. ബുധനാഴ്ച വൈകീട്ട് ആരംഭിച്ച മഴ വ്യാഴം പുലർച്ചവരെ തുടർന്നപ്പോൾ ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. മൂന്നു പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ലഭിച്ച ശക്തമായ മഴ കൂടുതൽ നാശംവിതച്ചത് ഫുജൈറയിലാണ്.
രണ്ടു ദിവസത്തെ മഴയിൽ റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞതോടെ പലയിടങ്ങളിലും താമസസ്ഥലങ്ങളിൽ വെള്ളം കയറി. ബുധനാഴ്ച രാത്രി വൈകിയും മഴ തുടർന്നതോടെ പ്രദേശത്ത് അടിയന്തര രക്ഷാദൗത്യത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദേശിച്ചു. രാജ്യത്തെ എല്ലാ എമിറേറ്റുകളിലെയും ദുരന്തനിവാരണ സേനകൾ ഫുജൈറയിലും മറ്റു ദുരന്ത ബാധിത സ്ഥലങ്ങളിലും എത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി.
കുടുങ്ങിക്കിടക്കുന്നവരെയും പുറത്തിറങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടവരെയും സൈന്യവും പൊലീസും അടങ്ങുന്ന രക്ഷാപ്രവർത്തകർ ചേർന്ന് വ്യാഴാഴ്ച രാവിലെയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇതിനകം 870 പേരെ രക്ഷപ്പെടുത്തുകയും 3,897 പേരെ ഷാർജയിലും ഫുജൈറയിലും താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹംദാൻ അൽ ശർഖി ഹെലികോപ്ടറിൽ പ്രളയബാധിത പ്രദേശങ്ങളിൽ നിരീക്ഷണം നടത്തി.
മഴയും പ്രളയവും ബാധിച്ച എല്ലാ കുടുംബങ്ങളെയും താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റാനും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഹോട്ടലുകൾ ബുക്ക് ചെയ്യാനും കമ്യൂണിറ്റി വികസന മന്ത്രാലയത്തെ ചുമതപ്പെടുത്തി. അപകട രക്ഷാദൗത്യത്തിന് നിയമിക്കപ്പെട്ടവരൊഴികെ സർക്കാർ ജീവനക്കാർക്ക് വ്യാഴാഴ്ച 'വർക് ഫ്രം ഹോം'ചെയ്യാൻ അനുവാദം നൽകി.
റെക്കോഡ് മഴ പെയ്ത ഫുജൈറ പ്രളയത്തിൽ മുങ്ങി. രണ്ടു ദിവസങ്ങളിലായി ഫുജൈറ തുറമുഖത്ത് 255.2 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളിൽ വെള്ളം കുത്തനെ ഉയർന്നതോടെ നിരവധി വാഹനങ്ങൾ കുടുങ്ങി. പലരും വാഹനങ്ങൾ റോഡിലുപേക്ഷിച്ച് രക്ഷപ്പെട്ടു. പാർക്ക് ചെയ്ത വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ഒഴുകിപ്പോവുകയും ചെയ്തു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപെട്ട പാകിസ്താൻ സ്വദേശിയെ കാണാതായി. ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഹമദ് ബിൻ അബ്ദുല്ല സ്ട്രീറ്റിലെ മൂന്ന് അണ്ടർ പാസുകളിലും വെള്ളം നിറഞ്ഞു. വ്യാഴാഴ്ച പകൽ അന്തരീക്ഷം തെളിഞ്ഞതോടെ ഇവിടങ്ങളിലെല്ലാം വെള്ളം ഇറങ്ങിത്തുടങ്ങി. ഫുജൈറ പോർട്ടിലെ പ്രവർത്തനവും നിർത്തിവെച്ചു. പോർട്ടിലും സമീപ പ്രദേശങ്ങളിലുമാണ് കൂടുതൽ വെള്ളം കയറിയത്.
മലയോര മേഖലയിലും ഗ്രാമപ്രദേശങ്ങളിലും പലയിടത്തും ശക്തമായ കുത്തൊഴുക്കും വെള്ളക്കെട്ടും ദൃശ്യമാണെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തകർ എല്ലാ മേഖലയിലും എത്തി അപകട സാഹചര്യങ്ങളിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നുണ്ട്. ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
കനത്ത മഴ ലഭിച്ച റാസൽഖൈമയിൽ നിരവധി വാദികളും ഒരു ഡാമും നിറഞ്ഞൊഴുകി. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കുത്തൊഴിക്കിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റാസൽഖൈമ നോർത്തിലെ വാദി ഗലീല ഡാമാണ് നിറഞ്ഞൊഴുകിയത്. വാദി ബൈയ്ഹ്, ഖോർഖവൈർ എന്നിവിടങ്ങളിലും ശക്തമായ കുത്തിയൊഴുക്ക് ഉണ്ടായി.അപകടങ്ങളില്ല,
വെള്ളം കയറിയ ഫുജൈറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

