എണ്ണയിതര വിദേശ വ്യാപാരത്തിൽ റെക്കോഡ് നേട്ടം
text_fieldsദുബൈ: എണ്ണയിതര വിദേശ വ്യാപാരത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് യു.എ.ഇ. കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ യു.എ.ഇയുടെ എണ്ണയിതര വിദേശ വ്യാപാരം 3.5 ലക്ഷം കോടിയിലെത്തി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇക്കാര്യം എക്സിലൂടെ പുറത്തുവിട്ടത്. യു.എ.ഇയെ സംബന്ധിച്ച് ഓരോ ദിനവും പുലരുന്നത് പുതിയ നേട്ടങ്ങളിലേക്കാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വ്യാപാരവും വികസനവുമെന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര വാണിജ്യരംഗം ആഗോള മാന്ദ്യത്തിന്റെ പിടിയിലാണെന്ന് യു.എൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ സാഹചര്യത്തിലും യു.എ.ഇ സുസ്ഥിരമായ വളർച്ച കൈവരിച്ചുവെന്നതിന്റെ തെളിവാണ് പുതിയ നേട്ടം. 2023ന്റെ തുടക്കത്തിൽ രാജ്യം എണ്ണയിതര വാണിജ്യരംഗത്ത് റെക്കോഡ് ഭേദിക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചിരുന്നു. എന്നാൽ, എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള നേട്ടം കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞു.
2023ലുടനീളം വിവിധ രാജ്യങ്ങളുമായി സമഗ്ര സഹകരണ കരാറിലൂടെ പുതിയ വാണിജ്യ വഴികൾ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളാണ് പുതിയ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റവർഷംകൊണ്ട് തുർക്കിയുമായുള്ള വ്യാപാര ഇടപാടിൽ 103 ശതമാനത്തിന്റെ വളർച്ചയാണ് യു.എ.ഇ രേഖപ്പെടുത്തിയത്. ഹോങ്കോങ്ങുമായി 47 ശതമാനത്തിന്റെയും യു.എസുമായി 20 ശതമാനത്തിന്റെയും വ്യാപാരവളർച്ച കൈവരിക്കാനായി. അന്താരാഷ്ട്ര വ്യാപാര രംഗത്ത് യു.എ.ഇക്ക് സുപ്രധാനമായ പങ്കാണുള്ളത്. ലോകത്തുടനീളമുള്ള പങ്കാളികളുമായി ദൃഢമായ സാമ്പത്തിക ഇടപാട് നിലനിർത്താൻ രാജ്യത്തിന് കഴിഞ്ഞതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

