ദുബൈയിലെ മൂന്ന് സാമ്പത്തിക മേഖലകൾക്ക് റെക്കോഡ് നേട്ടം
text_fieldsദുബൈ: എമിറേറ്റിലെ പ്രധാനപ്പെട്ട മൂന്ന് പ്രത്യേക സാമ്പത്തിക മേഖലകളിൽ കഴിഞ്ഞ വർഷത്തെ വ്യാപാരം റെക്കോഡ് നേട്ടം കൈവരിച്ചു. ദുബൈ എയർപോർട്ട് ഫ്രീ സോൺ, ദുബൈ സിലിക്കൺ ഒയാസിസ്, ദുബൈ കോമർസിറ്റി എന്നിവിടങ്ങളിലായി കഴിഞ്ഞ വർഷം 33,600 കോടി ദിർഹമിന്‍റെ വ്യാപാരമാണ് നടന്നതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വെളിപ്പെടുത്തി.
ദുബൈ ഇന്‍റഗ്രേറ്റഡ് എകണോമിക് സോൺസ് അതോറിറ്റിക്ക് കീഴിലാണ് ഈ സാമ്പത്തിക മേഖലകൾ പ്രവർത്തിക്കുന്നത്. 2023നെ അപേക്ഷിച്ച് 19ശതമാനം വർധനവാണ് കഴിഞ്ഞ വർഷത്തെ വ്യാപാരത്തിലുണ്ടായിരിക്കുന്നത്. ദുബൈയുടെ എണ്ണയിതര വ്യാപാരത്തിലെ 13.7 ശതമാനം ദുബൈ ഇന്‍റഗ്രേറ്റഡ് എക്കണോമിക് സോൺസ് അതോറിറ്റിയാണ് നേടിയിട്ടുള്ളത്. ഇതുവരെയുള്ള വർഷങ്ങളിലെ ഏറ്റവും ഉയർന്ന നേട്ടമാണിത്.
നാലു വർഷത്തെ തുടർച്ചയായ വളർച്ചയാണ് സാമ്പത്തിക മേഖലകളിൽ രേഖപ്പെടുത്തുന്നത്. സുപ്രധാന ആഗോള വിപണികളുമായുള്ള പങ്കാളിത്തത്തിലൂടെ ചരക്കുകളുടെയും സേവനങ്ങളുടെയും വർധിച്ച വ്യാപാരമാണ് നേട്ടത്തിന് കാരണമായത്. കഴിഞ്ഞ വർഷം ദുബൈയിൽ എണ്ണയിതര വിദേശ വ്യാപാരം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.
2024ൽ ദുബൈ സാമ്പത്തിക മേഖലകളിലെ വ്യാപാരം വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിലധികം ഉയർന്ന് 444,300 ടണ്ണിലെത്തിയിട്ടുണ്ട്. 2023ൽ വ്യാപാരം 346,700 ടൺ ആയിരുന്നു. 2024 ലെ മികച്ച പ്രകടനം നഗരത്തിന്റെ ശക്തമായ സാമ്പത്തിക അടിസ്ഥാനങ്ങളെ മാത്രമല്ല, നിരന്തരം നവീകരിക്കാനും വളർച്ചക്കുള്ള പുതിയ വഴികൾ തുറക്കാനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുമുള്ള അതിന്റെ കഴിവിനെയും സൂചിപ്പിക്കുന്നുവെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക മേഖലകളുടെ തടസ്സമില്ലാത്ത സംയോജനം, വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് നടപ്പിലാക്കിയ നൂതന സംവിധാനങ്ങൾ എന്നിവയാണ് നേട്ടത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

