അശ്രദ്ധമായ ഡ്രൈവിങ്; വിനോദസഞ്ചാരിക്കെതിരെ കേസ്
text_fieldsദുബൈ: തിരക്കേറിയ ശൈഖ് സായിദ് റോഡിൽ അശ്രദ്ധമായി വാഹനമോടിച്ച വിനോദസഞ്ചാരിക്കെതിരെ കേസെടുത്ത് ദുബൈ പൊലീസ്. ഇയാൾ ഉപയോഗിച്ച ആഡംബര കാർ പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയുടെ അപകടകരമായ ഡ്രൈവിങ്ങിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. നിയമപരമല്ലാത്ത രീതിയിലും ജീവന് ഭീഷണിയാകുന്ന തരത്തിലും വാഹനം പെട്ടെന്ന് തെന്നിമാറ്റുന്നതും നിയന്ത്രണം വിട്ട് ഓടുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം.
സൈബർ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് നിയമലംഘനം നടത്തിയ വാഹനത്തെ തിരിച്ചറിഞ്ഞതെന്ന് ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലീം ബിൻ സുവൈദാൻ പറഞ്ഞു. ഇത്തരം നടപടികൾ ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. ഡ്രൈവർ ടൂറിസ്റ്റ് വിസയിൽ എത്തിയ ആളാണെന്നും വാടകക്ക് എടുത്ത വാഹനമാണ് ഇയാൾ ഉപയോഗിച്ചതെന്നും വ്യക്തമായതായും അദ്ദേഹം പറഞ്ഞു. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ചാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. കൂടാതെ 2000 ദിർഹം പിഴയും 23 ട്രാഫിക് പോയന്റും പ്രതിക്കെതിരെ ചുമത്തും. 60 ദിവസത്തേക്കായിരിക്കും വാഹനം കസ്റ്റഡിയിൽ എടുക്കുക.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് ഐ ആപ്പിലോ ഹോട്ട്ലൈൻ നമ്പറായി 901ലോ റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 80 ശതമാനത്തിൽ താഴെ ആളുകളാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഗുരുതരമായ അപകടങ്ങൾക്കും പൊതുമുതൽ നശിക്കുന്നതിനും ഇത്തരം പ്രവൃത്തികൾ ഇടയാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

