മുഖ്യമന്ത്രിക്ക് സ്വീകരണം: മലയാളത്തിൽ ട്വീറ്റ് ചെയ്ത് ശൈഖ് മുഹമ്മദ്
text_fieldsമുഖ്യമന്ത്രി പിണറായി വിജയനും ശൈഖ് ഹംദാനും - ശൈഖ് മുഹമ്മദിന്റെ മലയാളം ട്വീറ്റും മുഖ്യമന്ത്രി പിണറായി വിജയന്റെ
അറബി മറുപടിയും
ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകിയ ചിത്രം ഉൾപ്പെടെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കേരളവുമായി യു.എ.ഇക്ക് സവിശേഷ ബന്ധമാണുള്ളതെന്നും ദുബൈയുടെയും യു.എ.ഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്കുവഹിക്കുന്നുവെന്നും ട്വീറ്റിൽ ശൈഖ് മുഹമ്മദ് കുറിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് എക്സ്പോ 2020യിലെ കേരള വീക്കിൽ സീകരണം നൽകിയപ്പോൾ എന്ന കുറിപ്പോടെയാണ് ട്വീറ്റ് തുടങ്ങുന്നത്.
വിവിധ രാഷ്ട്ര നേതാക്കൾ എക്സ്പോ സന്ദർശിക്കുമ്പോൾ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്യാറുണ്ട്. എന്നാൽ, ഇംഗ്ലീഷിലും അറബിയിലുമാണ് സാധാരണ ട്വീറ്റ് ചെയ്യാറുള്ളത്. യു.എ.ഇക്കും ഇമാറാത്തി ഭരണകൂടത്തിനും കേരളത്തോടും മലയാളികളോടുമുള്ള പ്രത്യേക അടുപ്പമാണ് ശൈഖ് മുഹമ്മദിന്റെ ട്വീറ്റിൽനിന്ന് വ്യക്തമാകുന്നത്.
യു.എ.ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി ഇന്ത്യയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എക്സ്പോയിൽ ഇന്ത്യയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. കേരളത്തിന്റെ സാമ്പത്തിക, നിക്ഷേപ കരുത്ത് വെളിപ്പെടുത്തുന്നതാവും എക്സ്പോയിലെ കേരളത്തിന്റെ പ്രദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതാവും എക്സ്പോ 2020 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മുഖ്യമന്ത്രിയുടെ സന്ദർശനം ട്വീറ്റ് ചെയ്തിട്ടുണ്ട്.
അറബിയിൽ മുഖ്യമന്ത്രിയുടെ മറുപടി
ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ച മലയാളം ട്വീറ്റിന് അറബിയിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നുവെന്നും നിങ്ങളുടെ ആതിഥ്യമര്യാദയിൽ വിനയാന്വിതരാണെന്നും മുഖ്യമന്ത്രി അറബിയിൽ കുറിച്ചു. ഈ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. യു.എ.ഇയുടെയും ദുബൈയുടെയും വികസനത്തിന് കേരളത്തിൽനിന്നുള്ളവർ നൽകുന്ന സംഭാവനകൾ അംഗീകിരിക്കുന്ന നിങ്ങളുടെ മനസ്സിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

