ഷാർജയിൽ ജൂലൈയിൽ 750 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാട്
text_fieldsഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജൂലൈ മാസം മികച്ച മുന്നേറ്റം. ഈ വർഷം ഏറ്റവും കൂടുതൽ മാസാന്ത ഇടപാടുകൾ നടന്നത് കഴിഞ്ഞ മാസമാണ്. 750 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഷാർജയിലെ വിവിധ ഭാഗങ്ങളിലായി നടന്നതെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.ആകെ 11,377 ഇടപാടുകളാണ് നടന്നത്. ആകെ 23.2 ദശലക്ഷം ചതുരശ്ര അടി ഭാഗമാണ് വിൽപന നടന്നത്. എമിറേറ്റിലെ നിക്ഷേപവും വികസനവും ശക്തമായ വളർച്ച കൈവരിക്കുന്നതിന്റെ സൂചനയായാണ് നേട്ടം പ്രതിഫലിപ്പിക്കുന്നത്.
ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണി പ്രാദേശിക, അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കുന്നത് തുടരുകയാണ്. വ്യക്തമായ നിയന്ത്രണ ചട്ടക്കൂടുകൾ, സ്ഥിരതയുള്ള സാമ്പത്തിക കാലാവസ്ഥ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് വളർച്ചക്ക് ആക്കം കൂട്ടുന്നത്. ജൂലൈയിൽ 114 വ്യത്യസ്ത മേഖലകളിലാണ് വിൽപനകൾ നടന്നത്. ഇത് ഷാർജയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ സ്ഥിരമായ വളർച്ചയുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ്. ആകെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ 1503 എണ്ണം വിൽപന ഇടപാടുകളാണ്.
ഇത് മൊത്തം ഇടപാടുകളുടെ 13.2 ശതമാനമാണ്. മോർട്ട്ഗേജ് ഇടപാടുകൾ 5.2 ശതമാനം അഥവാ 593 എണ്ണമാണ്. ഷാർജയിലെ നഗരങ്ങളിലും മറ്റു മേഖലകളിലുമായി റെസിഡൻഷ്യൽ, വാണിജ്യ, വ്യവസായിക, കാർഷിക ഭൂമികൾ ഉൾപ്പെടെയാണ് വിൽപനകൾ നടന്നത്. ടവറുകളിലെ 332 യൂനിറ്റുകൾ, ബിൽറ്റ് ഇൻ ഭൂമി ഇടപാടുകൾ 312, നിർമാണത്തിലിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട രണ്ട് ഇടപാടുകൾ എന്നിവയുൾപ്പെടെ ആകെ 857 ഭൂമി വിൽപന നടന്നു. ഏറ്റവും ഉയർന്ന വ്യാപാര മൂല്യമുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ, ‘തിലാൽ’ ഏരിയ 46.79 കോടി ദിർഹം മൂല്യവുമായി ഏറ്റവും ഉയർന്ന സ്ഥാനം നേടി. മുവൈല കമേഴ്സ്യൽ (34.08 കോടി ദിർഹം), അൽ സജാ ഇൻഡസ്ട്രിയൽ ഏരിയ (31.83 കോടി ദിർഹം), അർഖൂബ് ഇൻഡസ്ട്രിയൽ ഏരിയ (31.67കോടി ദിർഹം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

