റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി
text_fieldsദുബൈ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവയടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി യു.എ.ഇ.
സാമ്പത്തിക മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെ ചില റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് രാജ്യത്തെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റാണ് പുതിയ റിപ്പോർട്ടിങ് രീതി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ റിയൽ എസ്റ്റേറ്റ് ഏജന്റുമാരും ബ്രോക്കർമാരും നിയമ സ്ഥാപനങ്ങളും യു.എ.ഇയിലെ ഫ്രീഹോൾഡ് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുടെ വാങ്ങലും വിൽപനയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റിന് റിപ്പോർട്ട് ചെയ്യണം. 55,000 ദിർഹം മുതൽ മൂല്യമുള്ള ഒറ്റത്തവണയോ തവണകളായോ ഉള്ള ഇടപാടുകൾ, ഒരു വെർച്വൽ അസറ്റിന്റെ ഉപയോഗം ഉൾപ്പെടുന്ന പേമെന്റുകൾ, വെർച്വൽ അസറ്റിൽനിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ചുള്ള പേമെന്റുകൾ എന്നിവക്കാണ് നിയമം ബാധകമാവുക.
കള്ളപ്പണ ഇടപാടുകൾ തടയാനായി യു.എ.ഇ സെൻട്രൽ ബാങ്ക് രാഷ്ട്രീയക്കാരുമായുള്ള പണമിടപാടിന് പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന് നടപ്പാക്കുന്ന കരുതൽ നടപടികളുടെ ഭാഗമായാണ് രാഷ്ട്രീയക്കാർ, അവരുടെ അടുത്തബന്ധുക്കൾ, രാഷ്ട്രീയക്കാരുടെ സഹപ്രവർത്തകർ എന്നിവരുമായുള്ള ഇടപാടുകളിൽ പ്രത്യേക ജാഗ്രതപുലർത്താൻ സെൻട്രൽ ബാങ്ക് ധനകാര്യസ്ഥാപനങ്ങൾക്കും പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചത്. സംശയകരമായ മുഴുവൻ ഇടപാടുകളും ധനകാര്യ ഇന്റലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് ചെയ്യണമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവ തടയാൻ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കിയിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

