കൂടുതൽ തിളക്കത്തോടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗം
text_fieldsദുബൈ: യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് വിപണി മാർച്ച് മാസത്തിലും ശക്തമായ വളർച്ച തുടരുന്നു. പുതിയ പദ്ധതികളുടെ തുടർച്ചയായ പ്രഖ്യാപനങ്ങളും നിർമാണ പ്രവർത്തനങ്ങളുടെ മുടക്കമില്ലാത്ത പുരോഗതിയും ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
ദുബൈയിൽ താമസ-വാണിജ്യ പദ്ധതികൾക്ക് വേഗത കൈവന്നതിനൊപ്പം റെക്കോഡ് വിൽപനയും രേഖപ്പെടുത്തിയതായി ‘വാം’ റിപ്പോർട്ടിൽ പറഞ്ഞു. 42.2 കോടി ദിർഹം വിലവരുന്ന ഒരു ആഡംബര അപ്പാർട്ട്മെന്റിന്റെ വിൽപനയും മാർച്ചിൽ ദുബൈയിൽ രേഖപ്പെടുത്തി. വിപണിയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ചെലവേറിയ ഇടപാടാണിത്. ഇമാർ പ്രോപ്പർട്ടീസ്, ഇമാർ സൗത്തിലെ ‘ഗോൾഫ് വാലി’ എന്ന റെസിഡൻഷ്യൽ പദ്ധതിയിൽ 262 വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണൽ പ്രോപ്പർട്ടീസ്, ബർഷ ഹൈറ്റ്സിൽ 50 കോടി മൂല്യമുള്ള പുതിയ കൊമേഷ്യൽ ടവറും പ്രഖ്യപിച്ചിട്ടുണ്ട്. അതുപോലെ സോയ ഡെവലപ്പ്മെന്റ്സ് ദുബൈലാൻഡിൽ 20 കോടിയിലേറെ നിക്ഷേപത്തോടെ ‘നോവേ’ പദ്ധതിയും ആരംഭിച്ചു. ഒ.എ.എം റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് വാർസാനിൽ ‘റൈസ് റെസിഡൻസസ്’ പദ്ധതിയും ലോഞ്ച് ചെയ്തു.
ദിയാർ ഡെവലപ്‌മെന്റ്, മിഡ്‌ടൗൺ കമ്യൂണിറ്റിയിലെ ‘ജന്നത്’ പദ്ധതി നിശ്ചിത സമയത്തേക്കാൾ മൂന്ന് മാസം മുമ്പ് പൂർത്തിയാക്കാൻ ഒരുങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. കൂടാതെ ഏകദേശം 2,000 പുതിയ വീടുകൾ ഉടൻ കൈമാറാനും കമ്പനി പദ്ധതി ഒരുക്കുകയാണ്. അസീസി ഡെവലപ്പ്മെന്റ്സ് അൽ ജദ്ദാഫിൽ ‘ക്രീക്ക് വ്യൂസ് 4’ ആരംഭിച്ചു. ദുബൈ ഇൻവെസ്റ്റ്മെന്റ്സ് റിയൽ എസ്റ്റേറ്റ്, ബിങ്ഗാത്തി ഹോൾഡിങ് എന്നിവയും നിർമാണ പുരോഗതി സമയപ്രകാരം തുടരുന്നതായി അറിയിച്ചു. ഫെബ്രുവരി അവസാനം വരെ ബിങ്ഗാത്തിയുടെ പ്രതിവാര വിൽപന 50 കോടി ദിർഹം വരെ ഉയർന്നതായി റിപ്പോർട്ട് ചെയ്തു.
അബൂദബിയിൽ അൽദാർ പ്രോപ്പർട്ടീസ് ഗ്രൂപ്പ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതായി അറിയിച്ചു. ഓഹാന ഡെവലപ്‌മെന്റിന്റെ ‘മാഞ്ചസ്റ്റർ സിറ്റി യാസ് റെസിഡൻസസ്’ പദ്ധതി 72 മണിക്കൂറിനുള്ളിൽ 600 കോടി വിൽപന നേടിയിട്ടുണ്ട്. ഷാർജയിൽ അറാദ, മസാർ കമ്മ്യൂണിറ്റിയിൽ 18.3 കോടി വിലവരുന്ന സ്കൂൾ നിർമാണ കരാർ നൽകി. റമദാനിൽ മാത്രം 460 കോടി മൂല്യമുള്ള 7,299 ഇടപാടുകൾ എമിറേറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

