റെഡി... വൺ ടു ത്രീ സ്റ്റാർട്ട്
text_fieldsദുബൈ: കോവിഡിനും കവരാനാവാത്ത ആവേശത്തുടിപ്പിൽ ദുബൈ നഗരം വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു. ആരോഗ്യമുള്ള സമൂഹത്തിനായി, കൃത്യതയാർന്ന വ്യായാമമുറകളിലൂടെ ചടുലതയോടെ ചുവടുവെപ്പുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ പുതിയ സീസണ് വെള്ളിയാഴ്ച തുടക്കമാവും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ അതീവ താൽപര്യത്തോടെ ആയിരങ്ങൾ പങ്കാളികളാവും.
കോവിഡ് എന്ന മഹാമാരി വെല്ലുവിളി തീർക്കുന്ന സാഹചര്യത്തിൽ വെർച്വൽ, ഫിസിക്കൽ ഇവൻറുകൾ സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ് ഫോർമാറ്റിലാണ് ഇത്തവണത്തെ ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്. പകർച്ചവ്യാധികൾക്കിടയിൽ ഓരോരുത്തരുടെയും ആരോഗ്യം കൂടുതൽ സൂക്ഷ്മമായി കാണാനും വ്യായമത്തിലൂടെ പരിരക്ഷിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ് ചലഞ്ച് ലക്ഷ്യംവെക്കുന്നതെന്ന് ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ് (ഡി.എഫ്.ആർ.ഇ) സി.ഇ.ഒ അഹമ്മദ് അൽ ഖജ പറഞ്ഞു, കഴിഞ്ഞ വർഷത്തെ വെല്ലുവിളിയിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ 30 ദിവസവും പതിവായി 30 മിനിറ്റ് വീതം വ്യായാമങ്ങളിലേർപെട്ടാണ് ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ പ്രോഗ്രാമിന് സുരക്ഷാ മുൻകരുതലുകളുടെയും സാമൂഹിക വിദൂര നടപടികളുടെയും ഉയർന്ന മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും. വെർച്വൽ സെഷനുകൾ ഉപയോഗിച്ച് പരിപൂർണമായി എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ഫിറ്റ്നസ്, വെൽനസ് പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയിലൂടെ പ്രോഗ്രാമുകൾ സംഘടിപ്പിക്കും. ഓരോ വ്യക്തിക്കും മാസം മുഴുവനും ബന്ധം നിലനിർത്താനും അവർ എവിടെയായിരുന്നാലും, അവർ ഇഷ്ടപ്പെടുമ്പോഴെല്ലാം, വീട്ടിലായാലും സുരക്ഷിതമായും സാമൂഹികമായും അകലെയുള്ള ക്രമീകരണങ്ങളിലായാലും- പ്രചോദനം നൽകാനും കഴിയുമെന്ന് ഉറപ്പാക്കുമെന്നും ഖജ വ്യക്തമാക്കി.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി ചെയ്യാനാവുന്ന വ്യായമങ്ങൾ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങളെ പമ്പ കടത്തി, ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം എല്ലാവർക്കുമെന്ന സന്ദേശമാണ് ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്. വിവിധയിടങ്ങളിലെ താമസക്കാരുടെ സൗകര്യാർഥം നൂറുകണക്കിന് ഫിറ്റ്നസ് ഹബുകളാണ് ഉയരുന്നത്. ബീച്ച് ഇഷ്ടപ്പെടുന്നവർ, സ്പോർട്സ് തൽപരർ, സാഹസികത ഇഷ്ടപെടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേകം ഇവൻറുകളും വേദികളുമാണ് തയാറാക്കിയിട്ടുള്ളത്. കൈറ്റ് ബീച്ച്, അൽ ഖവാനീജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ മൂന്ന് സമർപ്പിത ഫിറ്റ്നസ് വില്ലേജുകൾ ഡി.എഫ്.സി 2020ൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കമ്യൂണിറ്റി കേന്ദ്രീകൃതമായ 10 ഫിറ്റ്നസ് ഹബുകളും 200ലധികം വെർച്വൽ സെഷനുകളും 150 സ്ഥലങ്ങളിലായി രണ്ടായിരത്തിലധികം ക്ലാസുകളും ചലഞ്ചിെൻറ ഭാഗമായി സംഘടിപ്പിക്കും.
ദുബൈ റൺ എന്നറിയപ്പെടുന്ന ഏറ്റവും വലിയ നഗരവ്യാപകമായ രസകരമായ റൺ ഉൾപ്പെടെയുള്ള മുൻനിര പ്രോഗ്രാമുകളും ഫിറ്റ്നസ് കലണ്ടറിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്പോർട്സ് എല്ലായ്‌പ്പോഴും ഒരു അനിവാര്യമായ പ്രവർത്തനമാണ്. എന്നാൽ, കോവിഡ് -19 വെല്ലുവിളി തീർത്ത ഈ കാലഘട്ടത്തിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. വ്യായാമം ചെയ്യുന്നതും ഫിറ്റ് ആയിരിക്കുന്നതും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് രോഗത്തിനെതിരായ ഏറ്റവും മികച്ച പ്രതിരോധം - ദുബൈ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരേബ് പറഞ്ഞു.
ഇതാണ് ഇൗ വർഷത്തെ നേട്ടം
> > > മെഗാ വിൽപന സമയത്ത് 90ശതമാനം വരെ കിഴിവ്: ചലഞ്ചിെൻറ ആദ്യ വാരാന്ത്യത്തിൽ ദുബൈ മാളിൽ ആദ്യത്തെ ഡി.എഫ്.സി മെഗാ വിൽപന സംഘടിപ്പിക്കും. ഒക്ടോബർ 29 മുതൽ 31 വരെ സ്പോർട്സ്, ആരോഗ്യം, വെൽനസ് ബ്രാൻഡ് ഉൽപന്നങ്ങൾക്കും ഉപകരണങ്ങൾക്കും 90 ശതമാനം വരെ കിഴിവ് ലഭിക്കും. ഫാഷൻ, സൗന്ദര്യം, ആക്‌സസറികൾ എന്നിവക്ക് 75 ശതമാനമാണ് കിഴിവ്.
> > > ആഗോള ഫിറ്റ്നസ് ആപ്ലിക്കേഷനുകളിലേക്കു സൗജന്യമായി പ്രവേശിക്കാം. പ്രമുഖ ആഗോള ഫിറ്റ്നസ് ആപ്ലിക്കേഷനുകളായ ഫിറ്റ്ബിറ്റ് പ്രീമിയം, ന്യൂ, സ്റ്റെപ്പി, വർക്ക് ഇറ്റ്, ഡെയ്‌ലി ബേൺ, എഫ്.ഐ.ഐ.ടി, ലെസ് മിൽസ് എന്നിവയിലേക്ക് പ്രത്യേകിച്ചും.
> > > ദുബൈ കാഴ്ചകളിലേക്ക് ഓടിയടുക്കാം. പ്രതിവാര ദുബൈ റണ്ണിങ് ടൂറുകൾവഴി നഗരത്തിലുടനീളമുള്ള മനോഹരമായ കാഴ്ചകളാണ് കായികപ്രേമികളെ കാത്തിരിക്കുന്നത്. ദുബൈ ഡൗൺടൗണിൽനിന്ന് തുടങ്ങി ബുർജ് തടാകത്തിന് ചുറ്റും അഞ്ച് കിലോമീറ്റർ ഫൺറൺ ആണ് ഇത്തവണത്തെ ആകർഷകങ്ങളിലൊന്ന്. കൈറ്റ് ബീച്ചിലൂടെ 10 കിലോമീറ്റർ ഓട്ടവും ദുബൈ ക്രീക്ക് പ്രദേശത്തെ മൂന്ന് മൂന്ന് കിലോമീറ്റർ 'ട്രെഷർ ഹണ്ടും താരങ്ങൾക്കും കായികപ്രേമികൾക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും.
30 ദിവസങ്ങൾ 30 മിനിറ്റ്
30 ദിവസങ്ങളിൽ ഓരോ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമങ്ങളിലേർപെടുക എന്ന കാമ്പയിനാണ് ഫിറ്റ്നസ് ചലഞ്ച് ഉയർത്തിക്കാട്ടുന്നത്. വ്യായാമം ശീലമാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള യത്നത്തിൽ പ്രായം, ഭാഷ, ദേശം ഭേദെമന്യേ പതിനായിരങ്ങളെ അണിനിരത്താനാണ് ലക്ഷ്യം. മലയാളികൾ ഉൾപ്പെടെ പ്രവാസികളിലും വ്യായാമശീലങ്ങൾ വളർത്തുന്നതിൽ ചലഞ്ച് വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ചലഞ്ചിൽ പങ്കെടുക്കുന്നുണ്ട്. ലളിത വ്യായാമങ്ങളിലൂടെയും ആരോഗ്യകരമായ ഭക്ഷണ രീതികളിലൂടെയും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആയിരങ്ങളെ ആരോഗ്യട്രാക്കിൽ എത്തിക്കാനുള്ള ദുൈബ ഫിറ്റ്നസ് ട്രാക്കിൽ വിദ്യാർഥികൾ മുതൽ വയോധികർ വരെ അണിനിരക്കണമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആഹ്വാനം ചെയ്തു.2017ൽ തുടക്കമിട്ട ചാലഞ്ചിന് ഒാരോ വർഷവും ആളുകൾ കൂടിവരുകയാണ്. കേർപറേറ്റ് കമ്പനികളും സർക്കാർ സ്ഥാപനങ്ങളും വൻകിട കമ്പനികളുമാണ് പലയിടങ്ങളിലും പല ഇവൻറുകളും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്.
വെറുതേ ഒരു നടപ്പല്ല!
വ്യായാമമെന്ന പേരിൽ രണ്ടു കൈയും വീശി വെറുതെ ഒരു നടപ്പല്ല ഫിറ്റ്നസ് ചലഞ്ച്. കിതപ്പ് വരും വരെയുള്ള ഓട്ടവുമല്ല.ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത വ്യത്യസ്തവും വൈവിധ്യമാർന്നതുമായ ഗെയിംസുകൾ, ഫൺ റൈഡുകൾ, വാട്ടർ ഫൺ, സൈക്ക്ളിങ് തുടങ്ങി നൂറുകണക്കിന് കായികവിനോദങ്ങളാണ് ചലഞ്ചിലുള്ളത്.
ഒപ്പം ബീച്ച് ബാസ്കറ്റ് ബാൾ, സ്കൈ ഡൈവിങ്, യോഗ സെഷൻ, ആയോധന പരിശീലനങ്ങൾ, സ്വിമ്മിങ് സെഷൻ, സുംബ ഡാൻസ്, എയറോബിക് തുടങ്ങി ആഹ്ലാദത്തോടെ വ്യായാമത്തിലേർപ്പെടാനാവുന്ന എല്ലാതരം ഗെയിംസുകളും ചലഞ്ചിലുണ്ട്. അനായാസമായി വിനോദങ്ങളിലേർപെട്ട്, ആരോഗ്യം വീണ്ടെടുക്കാനും കായികക്ഷമത നിലനിർത്താനും കഴിയുന്ന തരത്തിലുള്ള ഗെയിംസുകളും പരിശീലന പരിപാടികളുമാണ് ഫിറ്റ്നസ് ചലഞ്ചിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ആകർഷകമായ ട്രയത്തലൻ ഇനവും ചലഞ്ചിലുണ്ട്. ഇഷ്ടങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് ഗെയിംസുകൾ തിരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

