രത്നങ്ങളുടെ സമഗ്ര വിവരങ്ങളുമായി ‘രത്ന ശാസ്ത്രം’
text_fields‘രത്ന ശാസ്ത്രം’ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് ഉണ്ണികൃഷ്ണൻ
ശിവാസ് വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ഷാർജ: അപൂർവവും അല്ലാത്തതുമായി രത്നങ്ങളുടെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ‘രത്ന ശാസ്ത്രം’ ഗ്രന്ഥം ഷാർജ പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യും. കോട്ടയം സ്വദേശിയും പ്രമുഖ പ്ലാനെറ്ററി ജെമ്മോളജിസ്റ്റുമായ ഉണ്ണികൃഷ്ണൻ ശിവാസ് ആണ് ഗ്രന്ഥകർത്താവ്. അര നൂറ്റാണ്ടിലേറെക്കാലമായി രത്നങ്ങളുടെ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഉണ്ണികൃഷ്ണൻ ശിവാസ്. ഏതാണ്ട് അഞ്ചു വർഷങ്ങളുടെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് ഇത്തരമൊരു പുസ്തകം എഴുതിയതെന്ന് ഉണ്ണികൃഷ്ണൻ ശിവാസ് പറഞ്ഞു.
പുരാതന കാലം മുതൽ മുത്തും പവിഴവും ഉൾപ്പെടെ രത്നങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ സൗന്ദര്യത്തിന്റെയും ആത്മീയതയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നുണ്ട്. പ്രകൃതിജന്യമായ കല്ലുകളുടെ ഉത്ഭവം, ഖനനം, സംഭരണം, സംസ്കരണം തുടങ്ങി ഉപഭോക്താക്കളുടെ കൈകളിൽ അവ എത്തുന്നത് വരെയുള്ള വഴികളും വിശദാംശങ്ങളും പുസ്തകത്തിൽ വിവരിക്കുന്നു. രത്നങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് മാത്രമല്ല, രത്ന മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും ജ്വല്ലറികൾക്കും ഒരു റഫറൻസ് ഗ്രന്ഥമായി പരിഗണിക്കാവുന്നതാണ് പുസ്തകം. പ്രകൃതിജന്യ രത്നങ്ങളുടെ ശാസ്ത്രീയതയും പുസ്തകത്തിൽ വിവരിക്കുന്നു. നവംബർ ഒമ്പതിന് ഉച്ചക്ക് 12.30ന് ഷാർജ പുസ്തകോത്സവ വേദിയിൽ ഏഴാം നമ്പർ ഹാളിലുള്ള റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. പ്രമുഖ വ്യക്തികൾ പങ്കെടുക്കും. കൈരളി ബുക്സാണ് പ്രസാധകർ. ശിവാസ് ഗ്രൂപ് ഡയറക്ടർ ഉല്ലാസ്, കൈരളി ബുക്സ് മാനേജിങ് ഡയറക്ടർ ഒ. അശോക് കുമാർ, മനോജ് ആൻഡ് അസോസിയേറ്റ്സ് ചാർട്ടേർഡ് അക്കൗണ്ടൻസ് സി.ഇ.ഒ ഡോ. മനോജ് ഏഡൂർ, ലക്ഷ്മി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

