എന്താണ് ചന്ദ്രനിൽ...
text_fieldsകേട്ടറിഞ്ഞതിനും അപ്പുറമാണ് ചന്ദ്രന്റെ വിസ്മയങ്ങൾ. യു.എ.ഇയുടെ പ്രഥമ ചാന്ദ്രദൗത്യം വിജയകരമായാൽ ലോകത്തിനുതന്നെ വിസ്മയകരമായ കണ്ടുപിടിത്തങ്ങൾ സമ്മാനിക്കാൻ കഴിയും. ഈ പ്രതീക്ഷയോടെയാണ് 'റാശിദ്' ചന്ദ്രൻ ലക്ഷ്യമാക്കി പായുന്നത്. സ്വപ്ന തടാകം എന്നർഥമുള്ള 'ലാകസ് സോംനിയോറം' എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാശിദ് ഇറങ്ങുക. 'സ്വപ്ന തടാകം' പ്രാഥമിക ലാൻഡിങ് സൈറ്റാണ്, മറ്റു മൂന്നു സ്ഥലങ്ങൾ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.
പണ്ടുകാലത്ത്, അത്യന്തം മിനുസ്സമായ ഗോളമാണ് ചന്ദ്രൻ എന്നായിരുന്നു ധാരണ. എന്നാൽ, ഗലീലിയോ ഗലീലി അദ്ദേഹത്തിന്റെ പുസ്തകത്തിൽ ചന്ദ്രൻ കുന്നുകളും കുഴികളും നിറഞ്ഞ പ്രദേശമാണെന്ന് വ്യക്തമാക്കിയിരുന്നു. അതിനുശേഷം പതിനേഴാം നൂറ്റാണ്ടിൽ തയാറാക്കിയ ചന്ദ്രന്റെ ഭൂപടത്തിൽ ചന്ദ്രനിലെ ഗർത്തങ്ങൾക്കും പർവതങ്ങൾക്കും പ്രത്യേകം പേര് നൽകി. ചന്ദ്രന്റെ ഭൂപടത്തിലെ ഇരുണ്ട ഭാഗങ്ങൾക്ക് മരിയ (കടലുകൾ) എന്നും പ്രകാശമാനമായവയെ ടെറ (ഭൂഖണ്ഡങ്ങൾ) എന്നുമായിരുന്നു പേരിട്ടത്. ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അൽപംകൂടി വലുതാണ്. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പംകൊണ്ടും ഭാരംകൊണ്ടും അഞ്ചാംസ്ഥാനമാണ് ചന്ദ്രനുള്ളത്. ഭൂമിയും ചന്ദ്രനും തമ്മിലെ ഭൗതിക സ്വാധീനങ്ങളിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും.
ഭൂമിയിൽ അനുഭവപ്പെടുന്ന വേലിയേറ്റങ്ങളിൽ ഭൂരിഭാഗവും ചന്ദ്രന്റെ ഗുരുത്വാകർഷണം കൊണ്ടാണ് ഉണ്ടാകുന്നത്. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം പൗർണമി ദിനത്തിലും സൂര്യഗ്രഹണം അമാവാസി ദിനത്തിലും മാത്രമേ സംഭവിക്കൂ. 1969 ജൂലൈ 20നാണ് (ഇന്ത്യൻ സമയം ജൂലൈ 21) നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത്. നീൽ ആംസ്ട്രോങ് മുതൽ യൂജിൻ സർണാൻ വരെ 12 മനുഷ്യർ ചന്ദ്രലോകത്ത് നടന്നു. ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ഗോളം ചന്ദ്രനാണ്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആചരിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു ചാന്ദ്രയാൻ-1. ചാന്ദ്രയാൻ എന്ന വാക്കിന് ചാന്ദ്രവാഹനം എന്നാണ് അർഥം. 2008 ഒക്ടോബർ 22ന് ആന്ധ്രപ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് ചാന്ദ്രയാൻ-1 വിക്ഷേപിച്ചത്. നവംബർ എട്ടിന് ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. നവംബർ 14ന് ചാന്ദ്രയാനിൽനിന്ന് മൂൺ ഇംപാക്ട് പ്രോബ് എന്ന ഉപകരണം വേർപെട്ട് ചന്ദ്രോപരിതലത്തിലെത്തി. ഈ ഉപകരണമാണ് ചന്ദ്രനിലെ ജലതന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ചാന്ദ്രപര്യവേക്ഷണത്തിന്റെ രണ്ടാംഘട്ടമായ ചാന്ദ്രയാൻ-2 2019 ജൂലൈ 22ന് വിജയകരമായി വിക്ഷേപിച്ചു. സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിൽ സെപ്റ്റംബർ ഏഴിന് പുലർച്ച ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽവെച്ച് വിക്രം ലാൻഡറുമായുള്ള ബന്ധം ചാന്ദ്രയാൻ-2 പ്രധാന ഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ബഹിരാകാശ ദൗത്യമാണ് അപ്പോളോ-11. 1969 ജൂലൈ 16ന് വിക്ഷേപിക്കപ്പെട്ട ഈ ചാന്ദ്ര ദൗത്യത്തിൽ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രക്കാർ.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ചന്ദ്രോപരിതലത്തിലേക്ക് 'റാശിദ്' റോവർ വിക്ഷേപിച്ചിരിക്കുകയാണ്. ചന്ദ്രനിൽ എത്തിച്ചേരുക എന്നത് ഒരു ജനതയുടെയും രാജ്യത്തിന്റെയും അതിരുകളില്ലാത്ത അഭിലാഷങ്ങളുടെ സുപ്രധാന നാഴികക്കല്ലാണ്. യു.എ.ഇയുടെ അതിപ്രധാനമായ ബഹിരാകാശ ദൗത്യത്തിന്റെ പേരാണ് 'റാശിദ്'. ബഹിരാകാശ ദൗത്യം ആരംഭിച്ച് ചൊവ്വ ദൗത്യത്തിലൂടെയായിരുന്നു. ഇന്നിപ്പോൾ അത് ചാന്ദ്രദൗത്യത്തിലൂടെയും ഭാവിയിൽ ശുക്രനിലേക്കും വ്യാപിക്കും. നമ്മുടെ ലക്ഷ്യം അറിവ് കൈമാറുകയും കഴിവുകൾ വികസിപ്പിക്കുകയും മനുഷ്യചരിത്രത്തിൽ ശാസ്ത്രീയമായ പാദമുദ്രകൾ ചേർക്കുകയും ചെയ്യലാണ്.
ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം
'റാശിദ്' ചന്ദ്രനിലേക്ക് വിക്ഷേപിച്ച സന്ദർഭത്തിൽ ഭരണാധികാരികളെയും ജനങ്ങളെയും അഭിനന്ദിക്കുകയാണ്.ചന്ദ്രന്റെ ഉപരിതലം പര്യവേക്ഷണം ചെയ്യാനുള്ള ആദ്യ അറബ് ദൗത്യമാണ് ആരംഭിച്ചിരിക്കുന്നത്. അത് വിജയകരമായിത്തീരട്ടെ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ യു.എ.ഇ അതിന്റെ ബഹിരാകാശ നേട്ടങ്ങളിൽ പുതുചരിത്രം രചിച്ചിരിക്കുകയാണ്.
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
നമ്മുടെ അടുത്ത ലക്ഷ്യസ്ഥാനം 3.84 ലക്ഷം കി.മീ. അപ്പുറത്താണ്. ചന്ദ്രനിൽ അറബ് ലോകത്തിന്റെ കാൽപാടുകൾ 'റാശിദ്' അടയാളപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ് നാം. 'റാശിദ്' റോവർ വിക്ഷേപിക്കുകയും യു.എ.ഇയുടെ പതാക ബഹിരാകാശത്ത് ഉയർത്തുകയും ചെയ്ത മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ സംഘത്തെ അഭിനന്ദിക്കുന്നു.
സാറ ബിൻത് യൂസുഫ് അൽ അമീരി (യു.എ.ഇ പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രി)
'റാശിദ്' റോവറിനെ ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നതിന് പ്രവർത്തിച്ച മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിന് അഭിനന്ദനങ്ങൾ.ചന്ദ്രനിലേക്കുള്ള മിഷൻ-1 വിക്ഷേപണത്തിന്റെ വിജയത്തിൽ ഐ സ്പേസിനും അനുമോദനം. ആഗോള പര്യവേക്ഷണ ശേഷിയുടെ വിപുലീകരണത്തിന് സഹായിക്കുന്നതാണ് ഈ ദൗത്യം.
സലീം ഹുമൈദ് അൽ മർറി, മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഡയറക്ടർ ജനറൽ
ചന്ദ്രനിൽ എത്തുകയും അതിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് കുറച്ചുപേർക്ക് മാത്രം എത്തിപ്പിടിക്കാനായ വിജയമാണ്. ഞങ്ങളുടെ ടീമിന്റെ നിശ്ചയദാർഢ്യവും പങ്കാളികളുമായുള്ള സഹകരണവും ഉപയോഗിച്ച്, നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

