'റാശിദ്' നേരത്തെ കുതിക്കും
text_fieldsദുബൈ: അതിവേഗമാണ് യു.എ.ഇയുടെ സ്റ്റൈൽ. ഭൂമിയിൽ മാത്രമല്ല, ബഹിരാകാശ യാത്രയിലും ഈ അതിവേഗം പ്രകടമാണ്. ചാന്ദ്രപര്യവേക്ഷണ പേടകമായ 'റാശിദി'െൻറ യാത്ര 2024ലാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത്രയേറെ കാത്തിരിക്കേണ്ടെന്നാണ് യു.എ.ഇയുടെ തീരുമാനം. അടുത്ത വർഷം തന്നെ 'റാശിദ്' കുതിച്ചുയരുമെന്ന് എമിറേറ്റ്സ് ലൂണാർ മിഷൻ പ്രോജക്ട് മാനേജർ ഡോ. ഹമദ് അൽ മർസൂഖി അറിയിച്ചു. എന്നാൽ, വിക്ഷേപണ കേന്ദ്രമോ കൃത്യമായ തീയതിയോ വ്യക്തമാക്കിയിട്ടില്ല.
'റാശിദ്' പ്രോട്ടോടൈപ്പിെൻറ നിർമാണം 50 ശതമാനം പൂർത്തിയായി. ഈ വേനൽകാലത്ത് ഇതിെൻറ പരീക്ഷണം നടക്കും. സെപ്റ്റംബർ-മാർച്ച് കാലയളവിൽ പരീക്ഷണവും നിർമാണവും പൂർത്തിയാക്കും. 2023ൽ പരീക്ഷണം പൂർത്തിയാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മറ്റ് ചന്ദ്രപേടകങ്ങളെ അപേക്ഷിച്ച് ഉയരത്തിലും ഭാരത്തിലും കുഞ്ഞനാണ് റാശിദ്. ചന്ദ്രനിൽ ഇതുവരെ ആരുമെത്താത്ത സ്ഥലങ്ങളിൽ കറങ്ങി രഹസ്യങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. യു.എസ്, സോവിയറ്റ് യൂനിയൻ, ചൈന എന്നിവയ്ക്കു പിന്നാലെയാണ് യു.എ.ഇ ചന്ദ്രനിൽ റോവർ ഇറക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ 2 പദ്ധതി വിജയിച്ചെങ്കിലും റോവറിന് ദൗത്യം നിറവേറ്റാനായില്ല.
10 കിലോ ഭാരവും 80 സെൻറീമീറ്റർ ഉയരവുമുണ്ട് റാശിദിന്. നീളവും വീതിയും 50 സെൻറീമീറ്റർ വീതം. അറബ് ലോകത്ത് നിന്ന് ആദ്യമായി ചൊവ്വദൗത്യം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ചന്ദ്രനെ ലക്ഷ്യമിട്ട് യു.എ.ഇ കുതിക്കുന്നത്. ബഹിരാകാശത്തേക്കുള്ള ആദ്യ വനിത യാത്രികയെയും യു.എ.ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് അൽ മുല്ലക്കൊപ്പം നൂറ അൽ മത്രൂശിയാണ് ബഹിരാകാശ പര്യവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

