റാശിദ് റോവർ ഏപ്രിൽ 25ന് ചന്ദ്രനിലെത്തും
text_fieldsദുബൈ: അറബ് ലോകത്തുനിന്ന് ആദ്യമായി ചന്ദ്രനിലേക്ക് കുതിക്കുന്ന റാശിദ് റോവർ ഏപ്രിൽ 25ന് ചന്ദ്രനിലിറങ്ങും. ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ കോൺഫറൻസായ ‘സ്പേസ് ഒപ്സി’ൽ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മൾ ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. 16 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചു. ജാപ്പനീസ് ലാൻഡറിലാണ് ഞങ്ങളുടെ കണ്ണുകൾ. ഏപ്രിൽ 25ന് ചന്ദ്രനിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ സ്പേസ് നിർമിച്ച ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡറിലാണ് റാശിദിന്റെ കുതിപ്പ്. ഏപ്രിൽ അവസാനത്തോടെ ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.
ഇന്ത്യയുടെ ചാന്ദ്രയാൻ വിക്ഷേപണം വിജയകരമായിരുന്നെങ്കിലും വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറക്കിയതുമൂലം ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുള്ള റോവറിന്റെ പര്യവേക്ഷണം സാധ്യമായിരുന്നില്ല. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്.

