രാജ്യത്തോടും ജനതയോടും നിറഞ്ഞ കടപ്പാടോടെ റഷീദ് നാട്ടിലേക്ക്
text_fieldsഅബൂദബി: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് യു. റഷീദ് നാട്ടിലേക്ക് മടങ്ങുന്നു. 30 വര്‍ഷത്തോളമാവുന്ന പ്രവാസം സമ്മാനിച്ച സൗഭാഗ്യത്തിന് ഈ രാജ്യത്തോടും ജനതയോടും നിറഞ്ഞ കടപ്പാടോടെയാണു മടക്കം. 1993 ജൂണ്‍ മാസത്തിലാണ് യു.എ.ഇയില്‍ എത്തിയത്. അബൂദബിയില്‍ ടൈപ്പിങ് സെന്റർ ജോലിയിലൂടെയാണ് പ്രവാസം ആരംഭിച്ചത്. നാല് വര്‍ഷത്തിനുശേഷം ഗാസ്കോ എന്ന ഇന്നത്തെ അഡ്നോക് ഗ്യാസ് പ്രോസസിങ് കമ്പനിയില്‍ എച്ച്.ആര് വിഭാഗത്തില്‍ ജോലി കിട്ടി. ആ ജോലിയില്‍ 25 വര്‍ഷം തുടര്‍ന്നു. പ്രവാസ ജീവിതത്തില്‍ ജോലിയില്ലാതെ അലയേണ്ടി വന്ന ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. നാലുവര്‍ഷം അസബ് എന്ന മേഖലയില്‍ ജോലി ചെയ്തശേഷം റുവൈസിലേക്കു സ്ഥലംമാറ്റം കിട്ടി. അധിക കാലവും കുടുംബസമേതം താമസിച്ചത് ഇവിടെയാണ്.
എച്ച്.ആറിലെ ജോലി വഴി കുടുംബത്തിലെയും നാട്ടുകാരിലെയും ചിലരെ കമ്പനിയിലെ ജോലിക്കാരാക്കി മാറ്റാന്‍ സാധിച്ചു എന്നത് പ്രവാസത്തിലെ നേട്ടമായി. ഇനി നാട്ടില്‍ പൊതു പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നത്. ശാന്തപുരം ഇസ്ലാമിയ കോളജില്‍ 1982 മുതല്‍ '89 വരെ ഏഴു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാലുവര്‍ഷം നാട്ടിലെ ഒരു ഇസ്ലാമിക കോളജില്‍ അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് അബൂദബിയില്‍ എത്തിയത്. വളാഞ്ചേരി കുളമങ്ങലം ഉണ്ണിയേങ്ങല്‍ വീട്ടില്‍ യു. മുഹമ്മദ്-ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ ഇരിമ്പിളിയം ഷംസുദ്ദീന് മൗലവിയുടെ മകള്‍ സാജിദ. മകള്‍: സാഫ്വ. മരുമകന്: മുഹമ്മദ് മുസദ്ദിഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

