റാസൽഖോർ വന്യജീവി സങ്കേതം വികസിപ്പിക്കുന്നു
text_fieldsദുബൈ: റാസൽഖോർ വന്യജീവി സങ്കേതം വികസിപ്പിക്കുന്നതിന് ആദ്യഘട്ടം 65.5 കോടി ദിർഹമിന്റെ കരാർ നൽകി ദുബൈ മുനിസിപ്പാലിറ്റി. ഇതിൽ പ്രാഥമിക ഘട്ടം 2026ൽ പൂർത്തിയാക്കും. 6.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ഘട്ടത്തിൽ വികസനം നടത്തുക. 10 കോടി ദിർഹമാണ് ചെലവ്. ഈ ഘട്ടത്തിൽ കണ്ടൽകാടുകളുടെ വ്യാപ്തി 60 ശതമാനം വർധിപ്പിക്കുന്നതിനായി പുതിയ കണ്ടൽമരങ്ങൾ വെച്ചുപിടിപ്പിക്കും. നിലവിൽ 45 ഏക്കർ വിസ്തൃതിയുള്ള കണ്ടൽകാടുകൾ 65 ഏക്കറായാണ് വികസിപ്പിക്കുക.
കണ്ടൽക്കാട് സംരക്ഷണത്തിനായി പുതിയ ജലസേചന പൈപ്പുകളും സ്ഥാപിക്കും. കൂടാതെ കണ്ടൽ തടാകം, നോർത്ത് എഡ്ജ് തടാകം, റീഡ് പോണ്ട് തുടങ്ങിയ പുതിയ ആവാസ വ്യവസ്ഥകളും സൃഷ്ടിക്കും. ആദ്യഘട്ടത്തിൽ റിസർവിനുള്ളിലെ ജലാശയങ്ങളിൽ 144 ശതമാനം വർധനവ് വരുത്തുകയും, അവയുടെ മൊത്തം വിസ്തീർണം 74 ഹെക്ടറായി വികസിപ്പിക്കുകയും ചെയ്യും. ഇതുവഴി കാർബൺ ഡൈ ഓക്സൈഡ് ആഗിരണം 60 ശതമാനം വർധിപ്പിക്കൽ പോലുള്ള പ്രധാന പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. അതോടൊപ്പം സങ്കേതത്തിലെ ചളിത്തട്ടുകൾ 10 ഏക്കർ കൂടി അധികമായി കൂട്ടിച്ചേർക്കും.
രണ്ടാം ഘട്ടത്തിൽ 5.6 കിലോമീറ്റർ സൈക്ലിങ് ട്രാക്കുകൾ, മൂന്നു കിലോമീറ്റർ നീളത്തിൽ നടപ്പാതകൾ, 23 ഏക്കറിൽ പരിസ്ഥിതി സൗഹൃദ ഇടങ്ങൾ എന്നിവ നിർമിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ സന്ദർശകരുടെ എണ്ണം വർഷത്തിൽ രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം വരെയായി ഉയരും. അതായത് ആറിരട്ടി വർധനവാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച മൂന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യങ്ങളോടെ പ്രഖ്യാപിച്ച ദുബൈ ഇക്കണോമിക് അജണ്ടയോട് ചേർന്നുനിൽക്കുന്നതാണ് പദ്ധതി. എമിറേറ്റിലെ ജൈവവൈവിധ്യം വർധിപ്പിക്കുക, സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ സുസ്ഥിരത സംരക്ഷിക്കുക, വ്യത്യസ്തവും സംയോജിതവുമായ അനുഭവം സമ്മാനിക്കുന്ന ഏറ്റവും മികച്ച സുസ്ഥിര ഇകോ ടൂറിസം കേന്ദ്രമായി റാസൽഖോർ വന്യജീവി സങ്കേതത്തെ മാറ്റുക തുടങ്ങിയവയാണ് വികസന പദ്ധതി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

