ഗിന്നസ് പടക്കങ്ങളുടെ തിളക്കത്തില്‍ പുതുവര്‍ഷ വരവേൽപിന് റാസല്‍ഖൈമ
text_fieldsപുതുവത്സര ദിനത്തിൽ റാസൽഖൈമയിൽ നടന്ന വെടിക്കെട്ട് പ്രകടനം (ഫയൽ ചിത്രം- വാം)
റാസല്‍ഖൈമ: മുന്‍ വര്‍ഷങ്ങളിലെപോലെ 2026നെയും ലോക റെക്കോഡ് കരിമരുന്ന് പ്രകടനത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ റാസല്‍ഖൈമയില്‍ ഒരുക്കങ്ങള്‍. അല്‍ മര്‍ജാന്‍ ഐലന്റില്‍ നടക്കുന്ന വലിയ ആഘോഷ പരിപാടികള്‍ക്കൊപ്പം ഡിസംബര്‍ 31ന് രാത്രി എട്ട് മണിക്ക് ജുല്‍ഫാര്‍ ടവറിന് എതിര്‍വശത്തെ വേദിയിലും വെടിക്കെട്ട് പ്രദര്‍ശനം നടക്കും. ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ അതിശയകരമായ വെടിക്കെട്ട് പ്രകടനവും വര്‍ണങ്ങളും വെളിച്ചവും സംഗീതവും നൃത്തവും മര്‍ജാന്‍ ഐലന്റിലെ പുതുവര്‍ഷ രാവിന് മിഴിവേകും. രാജ്യത്തിന്റെ വിജയ യാത്രയെ ഓര്‍ത്തെടുത്തും പാരമ്പര്യത്തെ ആദരിച്ചും വരാനിരിക്കുന്ന ദിനങ്ങള്‍ക്ക് പുതിയ സ്വപ്നങ്ങള്‍ വിതക്കുന്ന മഹാമേളയായി റാസല്‍ഖൈമയുടെ പുതുവര്‍ഷ രാവ് മാറും.
അല്‍ മര്‍ജാന്‍ ഐലന്റിനും അല്‍ ഹംറ വില്ലേജിനും ഇടയിലുള്ള കടല്‍തീരത്തെ പ്രകാശപൂരിതമാക്കുന്ന പ്രധാന വെടിക്കെട്ടുകളും ലേസര്‍ ഡ്രോണ്‍ പ്രദര്‍ശനവും വീക്ഷിക്കുന്നതിന് തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ വിദേശികളും ഒഴുകിയെത്തും. 12,000ലേറെ വാഹനങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാലമായ പാര്‍ക്കിങ് സൗകര്യവും ഈ മേഖലയില്‍ ഒരുക്കുന്നുണ്ട്. പുതുവര്‍ഷ തലേന്ന് അല്‍ മര്‍ജാന്‍ ദ്വീപിലേക്കുള്ള പ്രവേശനം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്കും ഈ മേഖലയിലെ റസ്റ്റോറന്റുകളിലും അതത് സ്ഥലങ്ങളിലെ രജിസ്ട്രേഷന് ലിങ്ക് വഴി മാത്രമാകും പ്രവേശനം. അല്‍ മര്‍ജാന്‍ ഐലന്റില്‍ ഡിസംബര്‍ 31ന് ഉച്ചക്ക് രണ്ടുമണിയോടെ സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങും. കാര്‍ണിവല്‍ ഗെയിമുകള്‍, ഭക്ഷണ ട്രക്കുകള്‍, ഡി.ജെ എന്നിവ ഉച്ചക്ക് രണ്ട് മണിക്ക് പ്രവര്‍ത്തിച്ച് തുടങ്ങും. വൈകുന്നേരം ഏഴിന് ബോളിവുഡ് ഗായിക ശ്വേത സുബ്രാമിന്റെ ഗാനവിരുന്ന്, ഡി.ജെ ബിയ, ഡി.ജെ ബോബ്മിക്സ് തുടങ്ങിയവ നടക്കും. പുലര്‍ച്ച 12ന് വെടിക്കെട്ട് - ഡ്രോണ്‍ പ്രകടനത്തോടെ പുതുവര്‍ഷാഘോഷത്തിന് പരിസമാപ്തിയാകും.
വാള്‍ഡോര്‍ഫ് അസ്റ്റോറിയ, സോഫിടെല്‍, അല്‍ഹംറ ബീച്ച് റിസോര്‍ട്ട് തുടങ്ങിയവയിലെ താമസക്കാര്‍ക്ക് വെടിക്കെട്ട് പൂരം അടുത്തുനിന്ന് ആസ്വദിക്കാനാകും. ഇവയെ കൂടാതെ ഈ മേഖലയിലെ ചെറുതും വലുതുമായ ഹോട്ടലുകളെല്ലാം പുതുവര്‍ഷാഘോഷത്തിന് പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സമ്പൂര്‍ണ മാര്‍ഗനിർദേശങ്ങള്‍ https://www.raknye.com/ വെബ്സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

