റാസൽഖൈമ ഭരണാധികാരി ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
text_fieldsറാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ച
ദുബൈ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഭരണാധികാരിക്കും പ്രതിനിധി സംഘത്തിനും അൽ ബറക കൊട്ടാരത്തിൽ ഊഷ്മള വരവേൽപാണ് ലഭിച്ചത്.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ദൃഢമായ സാഹോദര്യ ബന്ധങ്ങളും ഒമാനി, ഇമാറാത്തി ജനതയുടെ പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിന് സംയുക്ത ഉഭയകക്ഷി സഹകരണം, ഇരുപക്ഷത്തിനും താൽപര്യമുള്ള നിരവധി വിഷയങ്ങൾ തുടങ്ങിയവ സുൽത്താനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സുൽത്താനും ശൈഖ് ഖാസിമിയും സ്വകാര്യ കൂടിക്കാഴ്ചയും നടത്തി. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം അൽ സഈദ്, ശൈഖ് ഖാലിദ് ബിൻ സൗദ് അൽ ഖാസിമി, ശൈഖ് സഖർ ബിൻ സൗദ് അൽ ഖാസിമി എന്നിവർ സംബന്ധിച്ചു.
ഔദ്യോഗിക സന്ദർശനത്തിനെത്തിയ അൽ ഖാസിമിയെയും പ്രതിനിധി സംഘത്തെ റോയൽ കോർട്ട് മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്. ഒരുദിവസത്തെ സന്ദർശനം പൂർത്തിയാക്കി വൈകീട്ടോടെ സഖർ അൽ ഖാസിമിയും പ്രതിനിധി സംഘവും മടങ്ങുകയും ചെയ്തു.

