വെള്ളക്കെട്ട്; റാസല്‍ഖൈമയിൽ മഴക്കാല മുന്നൊരുക്കങ്ങള്‍ തകൃതി
text_fieldsറാസല്‍ഖൈമ: അഴുക്കുചാല്‍ ശൃംഖലകളുടെ നവീകരണത്തിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സമഗ്ര പദ്ധതിയുമായി റാക് പൊതുമരാമത്ത് വകുപ്പ്. അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി മഴക്കാല കെടുതികള്‍ ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
38 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള നെറ്റ്വര്‍ക്കുകളുടെ ശുചീകരണ പ്രവൃത്തികള്‍ക്കൊപ്പം പുതുതായി 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഴുക്കുചാല്‍ ശൃംഖലകളുടെ നിര്‍മാണവും ഉള്‍പ്പെടുന്നതാണ് പദ്ധതി.
ജലം ശേഖരിക്കുന്നതിനുള്ള 2400 തുറസ്സ് കേന്ദ്രങ്ങളിലേക്കുള്ള ഡ്രെയ്നേജ് റൂമുകളിലെ മാലിന്യങ്ങള്‍, 468 ഫെറി ട്രാക്കുകളിലുള്ള തടസ്സങ്ങള്‍, അഴിമുഖങ്ങളിലുള്ള മാലിന്യങ്ങള്‍, വാദികളിലെ തടസ്സങ്ങള്‍ തുടങ്ങിയവ നീക്കുന്ന പ്രവൃത്തികള്‍ സജീവമാണെന്ന് അധികൃതര്‍ പറഞ്ഞു. 15 വാദികളുടെ വികസനം, ജല പമ്പിങ് സ്റ്റേഷനുകളുടെ വികസനം, മഴവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കല്‍, ഭൂഗര്‍ഭ ജലനിരപ്പിന്റെ നിയന്ത്രണം തുടങ്ങിയവ പദ്ധതിയിലുള്‍പ്പെടും.
ഖുസാം, അല്‍ദൈത്, ദഹാന്‍, അല്‍ മ്യാരീദ്, ശൈഖ് മുഹമ്മദ് ബിന്‍ സാലെം സ്ട്രീറ്റ്, അല്‍ഖ്വാസിം കോര്‍ണീഷ്, ഫിഷ് മാര്‍ക്കറ്റ് എന്നിവ 2020 മുതല്‍ പുതിയ നെറ്റ്വർക്ക് പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നതാണ്. ശാം ആശുപത്രി പരിസരവും അല്‍ റംസ് റാഷിദ് ശാബിയയുമാണ് ശാം മേഖലയിലെ രണ്ട് അഴുക്കുചാല്‍ ശൃംഖലകള്‍. വാദി ഷീഹ്, ഖംദ് അണക്കെട്ടുകളുടെ നിര്‍മാണത്തിനുശേഷം മഴവെള്ള പരിപാലനത്തില്‍ പുരോഗതിയുണ്ടായതായി അധികൃതര്‍ അഭിപ്രായപ്പെട്ടു.
താഴ്വാരങ്ങളിലെ അറ്റകുറ്റപ്പണികളും പുതിയ നിര്‍മാണ പ്രവൃത്തികളും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ജബല്‍ ജെയ്സ് പാതയില്‍ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സംവിധാനങ്ങളും സുസജ്ജമാണ്.
പ്രധാന ട്രക്ക് റോഡുകളിലൊന്നായ അല്‍ ശുഹദാ റോഡില്‍ 2,50,000 ചതുരശ്ര വിസ്തൃതിയിലാണ് കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. വാദികളിലൂടെയെത്തുന്ന ജലത്തില്‍നിന്ന് പാതകള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളും മഴയെത്തുംമുമ്പേ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

