റാസൽഖൈമ പുതുവത്സരാഘോഷത്തിന് എട്ടാം വർഷവും ഗിന്നസ് നേട്ടം
text_fieldsഗിന്നസ് നേട്ടം കരസ്ഥമാക്കിയ പ്രകടനം
റാസല്‍ഖൈമ: തുടർച്ചയായ എട്ടാം വർഷവും ഗിന്നസ് നേട്ടത്തോടെ പുതുവർഷത്തെ വരവേറ്റ് റാസൽഖൈമ. രാജ്യത്തിന്റെ നേട്ടങ്ങളും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശവും വിളംബരം ചെയ്ത വര്‍ണാഭമായ കരിമരുന്ന് വിരുന്നിന് ആയിരങ്ങൾ സാക്ഷികളായി.
പവിഴ ദ്വീപുകള്‍ക്ക് (അല്‍മര്‍ജാന്‍ ഐലന്റ്) സമീപം 2300 ഡ്രോണുകളിൽ 15 മിനിറ്റ് ദൈര്‍ഘ്യമേറിയ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനമാണ് റാസല്‍ഖൈമക്ക് പുതിയ ഗിന്നസ് റെക്കോർഡ് സമ്മാനിച്ചത്. മർജാൻ ദ്വീപിനും അൽഹംറക്കും ഇടയിൽ ആറ് കിലോമീറ്റര്‍ ദൈർഘ്യത്തിലാണ് ആകാശവും തീരവും വര്‍ണമണിഞ്ഞ് പുരുഷാരത്തിന്റെ മനം നിറച്ച വെടിക്കെട്ട് നടന്നത്. പുതുവർഷത്തലേന്ന് ഉച്ചക്ക് രണ്ടോടെ തുടങ്ങിയ ആഘോഷ പരിപാടിയുടെ ക്ലൈമാക്സ് വെടിക്കെട്ടിനൊപ്പം പിറന്ന പുതുവർഷത്തെ ആര്‍പ്പുവിളികളോടെയാണ് കാണികൾ സ്വീകരിച്ചത്.
പുതുവര്‍ഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ലക്ഷ്യം കണ്ടതായി അധികൃതർ പറഞ്ഞു. പ്രത്യേക പട്രോളിങ് വിഭാഗത്തിനുപുറമെ ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും സുസജ്ജമായിരുന്നു. പുതുവത്സരാഘോഷത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ റാസൽഖൈമയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന പ്രകടനത്തിനാണ് മർജാൻ ഐലന്റ് സാക്ഷ്യം വഹിച്ചതെന്ന് റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി സി.ഇ.ഒ ഫിലിപ്പ ഹാരിസൻ അഭിപ്രായപ്പെട്ടു. ഇത് വിനോദ-വാണിജ്യ-വ്യവസായ മേഖലക്ക് ഉത്തേജനമാകുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

