ആഘോഷ നിറവില്‍ റാസല്‍ഖൈമ
text_fieldsആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ വെള്ളിയാഴ്ച നടന്ന
ഈദുല്‍ ഇത്തിഹാദില്നിന്ന്
റാസല്‍ഖൈമ: ദേശീയ ദിനാഘോഷ അവധിക്കുമുമ്പേ ആഘോഷാരവങ്ങളിലമര്ന്ന് റാസല്‍ഖൈമ. ഇന്ത്യന്‍ സ്കൂളുകളിലുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്റുകളും വിദ്യാര്‍ഥികളുടെ കലാ പ്രകടനങ്ങള്‍ ഒരുക്കി കഴിഞ്ഞ ദിവസങ്ങളില്‍ യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി.
അധ്യാപകരും ജീവനക്കാരും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി. റാക് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ട്രാഫിക് ആൻഡ് ലൈസന്‍സിങ് സര്‍വിസസ് സെന്റര്‍, ഹ്യൂമന്‍ റിസോഴ്സ്, ജയില്‍, ഓപറേഷന്‍സ്, കമ്യൂണിറ്റി പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് സര്‍വിസസ് ആൻഡ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന വിപുലമായ ദേശീയ ദിനാഘോഷ പരിപാടികളില്‍ റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തയ്ര് പങ്കെടുത്തു.
53ാമത് ദേശീയ ദിനാഘോഷ വേളയില്‍ രാജ്യത്തെ ഓരോ പൗരനും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായി ജമാല്‍ അഹമ്മദ് പറഞ്ഞു. ദേശസ്നേഹ മൂല്യങ്ങള്‍ വിളംബരം ചെയ്യുന്നതും മാതൃരാജ്യത്തോടുള്ള വിശ്വസ്തത ഉറപ്പിക്കുന്നതുമാണ് ദേശീയ ദിനാഘോഷ പരിപാടികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രാലയ ആഘോഷ ചടങ്ങിനെ വര്‍ണാഭമാക്കി വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ കലാ പ്രകടനവും നടന്നു. തടവുശിക്ഷ അനുഭവിക്കുന്നവരില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് അന്തേവാസികള്‍ക്ക് അവരുടെ കുടുംബങ്ങളെ സ്വീകരിക്കുന്നതിന് ജയില്‍ വകുപ്പ് സൗകര്യമൊരുക്കി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഓറഞ്ച് കാമ്പയിനിന്റെ ഭാഗമായി വനിത പൊലീസ് ടീമിന്റെ നേതൃത്വത്തില്‍ ജയില്‍ അന്തേവാസികളുടെ കുടുംബങ്ങള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ശനി, ഞായര്‍ ദിവസങ്ങളിലും റാസല്ഖൈമയിലുടനീളം ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കും. റാക് അല്‍ഖ്വാസിമി കോര്‍ണീഷില്‍ ഞായറാഴ്ച വൈകുന്നേരം നാല് പ്രധാന ആഘോഷ ചടങ്ങുകള്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

