അഡിഹെക്സിൽ ശ്രദ്ധയാകർഷിച്ച് അപൂര്‍വ കത്തി
text_fieldsഅഡിഹെക്സിൽ പ്രദർശിപ്പിച്ച അപൂര്‍വ കത്തി
അബൂദബി: 22ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷനിൽ (അഡിഹെക്സ്) ശ്രദ്ധയാകർഷിച്ച് നാലുലക്ഷം ദിർഹം വിലമതിക്കുന്ന അപൂര്‍വ കത്തി. കലാവൈഭവും കരകൗശല വൈദഗ്ധ്യവും സമന്വയിപ്പിച്ച കത്തി അൽ റുമൂൽ അല്ലെങ്കിൽ അൽ അറാഖിബ് എന്നാണ് വിളിക്കപ്പെടുന്നത്. ഇമാറാത്തിന്റെ മരുഭൂ-സമുദ്ര പൈതൃകവുമായി ബന്ധപ്പെടുത്തിയ രൂപകൽപ്പനയാണ് കത്തിക്കുള്ളത്. 10,000 വർഷം പഴക്കമുള്ള മാമത്ത് ആനക്കൊമ്പിനാൽ പണിതീർത്ത കൈപിടിയാണിതിനുള്ളത്.
രണ്ടുവര്‍ഷമെടുത്താണ് ഈ കത്തിയുടെ രൂപകല്‍പ്പന തയ്യാറാക്കിയതെന്നും നിര്‍മാണത്തിന് പത്ത് മാസമെടുത്തുവെന്നും ഇതു നിര്‍മിച്ച യു.എ.ഇ ആസ്ഥാനമായ കമ്പനിയായ തംരീന്‍ അറിയിച്ചു. കാറ്റിൽ ഒഴുകി നീങ്ങുന്ന മരുഭൂമിയിലെ മണൽത്തിരകളെ ഓർമ്മിപ്പിക്കുന്നതാണ് കത്തിയിലെ കൊത്തു പണികൾ. ഇമാറാത്തി മരുപ്പച്ചയുടെ പ്രതീകമായി ഈന്തപ്പനയോലകളുടെ കൊത്തുപണികളും കത്തിയിൽ കാണാം. ഒരു സാധാരണ കത്തി എന്നതിലുപരി അറബ് സംസ്കാരത്തിന്റെ കഥ പറയുന്ന ഒരു കലാസൃഷ്ടി കൂടിയാണിത്. കത്തിയുടെ അറ്റത്ത് ഘടിപ്പിച്ച മുത്തുച്ചിപ്പിയിലെ മുത്ത് കടലുമായുള്ള അറബികളുടെ ബന്ധത്തെയും മരുഭൂമിക്കും കടലിനുമിടയിലെ ജീവിതത്തെക്കുറിച്ചുമാണ് പറയുന്നത്.
പരമ്പരാഗത ഉപകരണങ്ങള്‍ നിര്‍മിക്കുക മാത്രമല്ല ഓരോ സൃഷ്ടിയിലൂടെയും കഥകള്‍ പറയുകയും ആഗോളതലത്തില്‍ യു.എ.ഇയുടെ കരകൗശല വൈദഗ്ധ്യം ഉയര്‍ത്തിക്കാട്ടുകയുമാണ് ചെയ്യുന്നതെന്ന് കമ്പനി വക്താവ് മുഹമ്മദ് അല്‍ അമീരി പറഞ്ഞു. അഡ്നക് സെന്ററില്‍ കഴിഞ്ഞദിവസം ആരംഭിച്ച അഡിഹെക്സ് 2025 സപ്തംബര്‍ ഏഴിന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

