അപൂർവ രക്തരോഗം: പുതിയ മരുന്നിന് ഇ.ഡി.ഇ അംഗീകാരം
text_fieldsദുബൈ: ശരീരത്തിൽ അമിതമായി അരുണ രക്താണുക്കൾ ഉൽപാദിപ്പിക്കപ്പെടുന്ന അപൂർവ രക്തരോഗമായ ‘പോളിസൈതീമിയ വീറ’ ചികിത്സിക്കുന്നതിനായി ‘മിമ്രിലോ’ എന്ന പുതിയ മരുന്നിന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇ.ഡി.ഇ) അംഗീകാരം നൽകി. ഈ മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. രാജ്യത്തെ രോഗികൾക്ക് ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഈ നീക്കം സഹായിക്കും. രക്തത്തിൽ അരുണ രക്താണുക്കളുടെ എണ്ണം സാധാരണയിൽ കവിഞ്ഞ് വർധിക്കുകയും, രക്തം കൂടുതൽ കട്ടിയുള്ളതായി മാറി അപകടകരമായ രീതിയിൽ കട്ടപിടിക്കാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്ന അവസ്ഥയാണ് പോളിസൈതീമിയ വീറ. അരുണ രക്താണുക്കളുടെ ഉൽപാദന തോത് കുറക്കാനും രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനും പുതിയ മരുന്നായ മിമ്രിലോ സഹായിക്കുമെന്ന് ഇ.ഡി.ഇ വ്യക്തമാക്കി.
ചികിത്സാ ഓപ്ഷനുകൾ പരിമിതമായ അപൂർവ രോഗങ്ങൾക്ക് അതിവേഗം ആധുനിക മരുന്നുകൾ ലഭ്യമാക്കാനുള്ള ഏജൻസിയുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരത്തിലൂടെ വ്യക്തമാകുന്നതെന്ന് ഇ.ഡി.ഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കഅബി പറഞ്ഞു. ഈ തീരുമാനം പോളിസൈതീമിയ വീറ ബാധിതർക്ക് സുപ്രധാന നാഴികക്കല്ലാണ്. ഫാർമസ്യൂട്ടിക്കൽ നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇയുടെ നിലപാട് പ്രശംസനീയമാണെന്നും ടാക്കെഡ ഫാർമസ്യൂട്ടിക്കൽസ് റീജ്യനൽ ജനറൽ മാനേജർ ഹെർണാൻ പുർസെൽ അഭിപ്രായപ്പെട്ടു. പൊടി രൂപത്തിലാണ് ഈ മരുന്ന് ലഭ്യമാകുന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് ഇത് ദ്രാവക രൂപത്തിലാക്കേണ്ടതുണ്ട്. പരിചയസമ്പന്നനായ ഒരു ആരോഗ്യ സേവന ദാതാവിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ മരുന്ന് നൽകാവൂ. മികച്ച ആരോഗ്യ ഫലങ്ങൾക്കായി ഡോക്ടറെ കണ്ട് കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്നും ഇ.ഡി.ഇ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

