വിലക്കിഴിവുമായി ‘റമദാൻ നൈറ്റ്സ്’ ഇന്നുമുതൽ
text_fieldsഷാർജ: 75 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന ‘റമദാൻ നൈറ്റ്സ്’ മേള ബുധനാഴ്ച ആരംഭിക്കും. ഏപ്രിൽ 21വരെ നീണ്ടുനിൽക്കുന്ന മേളക്ക് ഇത്തവണയും വേദിയാകുന്നത് ഷാർജ എക്സ്പോ സെന്ററാണ്. എല്ലാ വർഷവും നടക്കുന്ന മേളയുടെ 40ാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. എമിറേറ്റിൽ നടക്കുന്ന ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് മേള ഒരുക്കുന്നത്. പ്രധാനപ്പെട്ട ബ്രാൻഡുകളുടെ പതിനായിരത്തിലേറെ ഉൽപന്നങ്ങളാണ് മേളയിലുണ്ടാവുക. ഇതോടൊപ്പം സന്ദർശകർക്ക് സമ്മാനങ്ങൾ നേടാനും സാംസ്കാരിക, കലാ, വിനോദ പരിപാടികളും പ്രാദേശിക, അറബ്, അന്തർദേശീയ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനും അവസരമുണ്ട്.17 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ വിവിധ പ്രായക്കാർക്ക് അനുയോജ്യമായ ഗെയിമുകൾക്കായുള്ള പ്രത്യേക ഏരിയയും സാംസ്കാരിക കലാപരിപാടികൾ പ്രദർശിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജും ഇത്തവണയുണ്ട്.
ഷാർജ റമദാൻ ഫെസ്റ്റിവലിലെ പ്രധാന പ്രവർത്തനങ്ങളിലൊന്നായ ‘റമദാൻ നൈറ്റ്സ്’ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യമുള്ള മേളയാണെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനും ഷാർജ എക്സ്പോ സെന്റർ ചെയർമാനുമായ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു. റമദാൻ, ഈദ് ആഘോഷങ്ങളിൽ ആകർഷകമായ വിപണന ഓഫറുകളും മികച്ച പരിപാടികളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് എക്സ്പോ സെന്റർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ പുലർച്ച ഒന്നു വരെയാണ് മേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. പെരുന്നാളിനോടനുബന്ധിച്ച് പ്രവേശനം മൂന്നു മുതൽ രാത്രി 12 വരെയുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

