റമദാൻ; ഓൺലൈൻ ചാരിറ്റി തട്ടിപ്പിനെതിരെ മുന്നറിയിപ്പ്
text_fieldsദുബൈ: റമദാനിൽ നടക്കുന്ന ഓൺലൈൻ ചാരിറ്റികളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളിൽ ജാഗ്രത പുലർത്തണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന സംശയകരമായ രീതിയിലുള്ള സംഭാവന അഭ്യർഥനകളോട് പ്രതികരിക്കുകയോ പണം നൽകുകയോ ചെയ്യരുത്. അനധികൃതമായി പണം സമ്പാദിക്കുന്നതിനായി തട്ടിപ്പുകാരും ചില ഗ്രൂപ്പുകളും റമദാനിൽ വിശ്വാസികളുടെ കാരുണ്യവും സഹാനുഭൂതിയും ചൂഷണം ചെയ്യുന്ന പ്രവണത വർധിച്ചുവരുകയാണ്.
അർഹരായ ഗുണഭോക്താക്കളിലേക്ക് സഹായമെത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സംഭാവനകളും സകാത്തും ഔദ്യോഗികവും അംഗീകാരമുള്ളതുമായ ജീവകാരുണ്യ സംഘടനകളിലൂടെ മാത്രം നൽകാൻ ശ്രമിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. കിംവദന്തികളും ഓൺലൈൻ കുറ്റകൃത്യങ്ങളും തടയുന്നതിനായുള്ള ഫെഡറൽ നിയമം അനുസരിച്ച് ഓൺലൈനായി ഭിക്ഷാടനം നടത്തുന്നതും യു.എ.ഇയിൽ ക്രിമിനൽ കുറ്റമായാണ് പരിഗണിക്കുകയെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
നിയമലംഘകർക്ക് മൂന്നു മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയോ ലഭിക്കും. സംശയകരമായ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 ടോൾ ഫ്രീ നമ്പറിലോ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷനിലെ പൊലീസ് ഐ സർവിസ് ഉപയോഗിച്ചോ ഇ-ക്രൈം പ്ലാറ്റ്ഫോമിലോ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് അഭ്യർഥിച്ചു. ‘യാചനയില്ലാത്ത സമൂഹം’ എന്ന മുദ്രാവാക്യത്തിന് കീഴിൽ ഭിക്ഷാടനത്തിനെതിരെ നടത്തുന്ന വാർഷിക കാമ്പയിനിന്റെ ഭാഗമായാണ് ദുബൈ പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റമദാനിലുടനീളും നടത്തുന്ന കാമ്പയിനിലൂടെ ഭിക്ഷാടനം നടത്തുന്ന വ്യക്തികളേയും സംഘടനകളേയും പിടികൂടികയാണ് ലക്ഷ്യം. അതോടൊപ്പം പൊതുജന അവബോധം വളർത്തുക, സുരക്ഷിതവും നിയന്ത്രിതവുമായ സംഭാവന പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കാമ്പയിൻ മുന്നോട്ടുവെക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഇസ്ലാമിക അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് എന്നിവരും കാമ്പയിനിൽ
പങ്കാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

