റമദാൻ: റോഡ് സുരക്ഷ ബോധവത്കരണവുമായി ആർ.ടി.എ
text_fieldsആർ.ടി.എ ഉദ്യോഗസ്ഥൻ ട്രക്ക് ഡ്രൈവർക്ക് റമദാൻ ഗിഫ്റ്റ് വിതരണം ചെയ്യുന്നു
ദുബൈ: റമദാനിൽ റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കാൽനട യാത്രക്കാർ, തൊഴിലാളികൾ, ടാക്സി, ഹെവി വാഹന ഡ്രൈവർമാർ, സൈക്ലിസ്റ്റുകൾ, ഇ-സ്കൂട്ടർ ഉപയോക്താക്കൾ എന്നിവരെയാണ് പ്രധാനമായും കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ അറിയിച്ചു. വിശുദ്ധ റമദാനിന്റെ മൂല്യങ്ങളെ ഉൾക്കൊണ്ട് ട്രാഫിക് നിയമങ്ങൾ പരമാവധി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കൂടാതെ, റമദാനിൽ ക്ഷീണിതരായി വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് കാമ്പയിനിലൂടെ ഡ്രൈവർമാരെ ബോധവത്കരിക്കും. വ്രതമെടുക്കുന്നത് മൂലം മാനസികമായി മാറ്റമുണ്ടാകുന്നത് വഴി ചില ഡ്രൈവർമാർക്ക് ശ്രദ്ധകുറയുന്നതായി അനുഭവപ്പെടാറുണ്ട്. ഇക്കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും കാമ്പയിൻ വഴി ശ്രമിക്കും.
എമിറേറ്റിൽ റോഡ് സുരക്ഷ അവബോധം വർധിപ്പിക്കുക, അപകടങ്ങൾ കുറക്കുക, റമദാനിൽ പ്രഖ്യാപിച്ച ട്രക്ക് നിയന്ത്രണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുക എന്നിവയിൽ ആർ.ടി.എയുടെ പ്രതിബദ്ധതയാണ് കാമ്പയിനിലൂടെ പ്രതിഫലിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ബോധവത്കരണ കാമ്പയിനുകളെ നൂതനവും സ്മാർട്ടുമായ മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ച് വിവിധ കമ്യൂണിറ്റി ഇവന്റുകളുമായി സംയോജിപ്പിക്കും.
’സുഗമവും സുസ്ഥിരവുമായ മൊബിലിറ്റിയിലെ മുൻനിര നഗരം’ എന്ന ആശയവുമായി ചേർന്നു നിൽക്കുന്നതാണ് കാമ്പയിൻ. ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാട്ടേഴ്സ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ്, സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തോടെ ദുബൈയുടെ ട്രാഫിക് തന്ത്രത്തെ ട്രാഫിക് ബോധവത്കരണം പിന്തുണക്കുന്നതായും ആർ.ടി.എ വ്യക്തമാക്കി.
ഡെലിവറി ഡ്രൈവർമാർക്ക് റമദാൻ ഗിഫ്റ്റ്
ബോധവത്കരണത്തിന്റെ ഭാഗമായി പ്രമുഖ ഡെലിവറി ആപ്ലിക്കേഷനായ നൂണുമായി സഹകരിച്ച് എമിറേറ്റിലെ ഡെലിവറി ഡ്രൈവർമാർക്ക് 10,000 റമദാൻ ഗിഫ്റ്റ് വിതരണം ചെയ്യും. ട്രാഫിക് ബോധവത്കരണ ബ്രൗഷറുകൾക്കൊപ്പം ഇഫ്താർ ഭക്ഷണവും ഉൾപ്പെടുന്നതാണ് ഗിഫ്റ്റ് പാക്കറ്റ്. കൂടാതെ ലിസ്റ്ററിൻ കമ്പനിയുമായി കൈകോർത്ത് മെട്രോ ഉപഭോക്താക്കൾ, സൈക്ലിസ്റ്റുകൾ, ഇ-സ്കൂട്ടർ ഉപയോക്താക്കൾ എന്നിവർക്കും 10,000 ഗിഫ്റ്റ് പാക്കറ്റുകൾ വിതരണം ചെയ്യും.
അതോടൊപ്പം ദുബൈ ടാക്സി കോർപറേഷൻ, ദുബൈ ഇൻവെസ്റ്റ്മെന്റ്സ് പി.ജെ.എസ്.സി, ടോകിയോ മറൈൻ ഇൻഷുറൻസ്, എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഗലദാരി മോട്ടോർ ഡ്രൈവിങ് സെന്റർ, ബിൻ യാബർ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ടാക്സി ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ എന്നിവർക്കും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യും.
ട്രക്കുകളുടെ നിയന്ത്രണ സമയം
റമദാനിൽ ഷാർജക്കും ശൈഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് 7നും ഇടയിലുള്ള ഇ11 റോഡിൽ രാവിലെ ഏഴു മുതൽ 11 വരെ ട്രക്കുകൾക്ക് നിയന്ത്രണമുണ്ട്. അൽ ഇത്തിഹാദ്, ശൈഖ് റാശിദ് റോഡ്, ശൈഖ് സായിദ് റോഡ്, ഡൗൺടൗൺ, ദേര, ബർദുബൈ എന്നീ മേഖലകൾ ഇതിൽ ഉൾപ്പെടും.
കൂടാതെ എല്ലാ ദിവസവും രാവിലെ മൂന്നു തവണ നിയന്ത്രണമുള്ള സ്ഥലങ്ങളിൽ ട്രക്കുകളെ നിരീക്ഷിക്കും. അതോടൊപ്പം എമിറേറ്റ്സ് റോഡിലെ ട്രക്ക് നിയന്ത്രണ സമയം പുനർനിശ്ചയിച്ചിട്ടുണ്ട്. ഇവിടെ വൈകിട്ട് 4.30 മുതൽ രാത്രി ഏഴുവരെയാണ് നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

