റമദാൻ: ഷാർജയിൽ ഭക്ഷണം പ്രദർശിപ്പിക്കാൻ അനുമതി വാങ്ങണം
text_fieldsഷാർജ: റമദാൻ മാസത്തിൽ പകൽ സമയങ്ങളിൽ എമിറേറ്റിൽ ഭക്ഷണം തയാറാക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനും പ്രത്യേകം അനുമതി വാങ്ങണം. വ്യത്യസ്ത ഫീസ് ഈടാക്കുന്ന രണ്ട് വ്യത്യസ്ത തരം പെർമിറ്റുകളാണ് സ്ഥാപനങ്ങൾക്ക് ഇതിനായി മുനിസിപ്പാലിറ്റി അനുവദിക്കുന്നത്. പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി അധികൃതർ തിങ്കളാഴ്ച വെളിപ്പെടുത്തി.
അനുമതി ലഭിക്കുന്നവർക്ക് മാത്രമേ ഇഫ്താറിനുമുമ്പ് ഭക്ഷണം പ്രദർശിപ്പിച്ച് വിൽപന നടത്താൻ അനുവാദം ലഭിക്കുക. ഷോപ്പിങ് മാളുകളിലേത് ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള സ്ഥലങ്ങൾക്ക് പ്രത്യേക പെർമിറ്റ് വാങ്ങണം.
എന്നാൽ, ഈ പെർമിറ്റിൽ ഭക്ഷണം ഡൈനിങ് ഏരിയയിൽ വിളമ്പുന്നതിന് അനുവാദമുണ്ടാകില്ല. അടുക്കളകൾക്കുള്ളിൽ മാത്രമേ ഭക്ഷണം തയാറാക്കാനും പാചകം ചെയ്യാനും അനുവാദമുണ്ടാകൂ. പെർമിറ്റ് ഇഷ്യൂ ഫീസായി 3,000 ദിർഹം അടക്കുകയും വേണം.അതേസമയം ഇഫ്താറിനുമുമ്പ് കടകൾക്ക് പുറത്ത് ഭക്ഷണ പ്രദർശന അനുമതി ലഭിക്കുന്നത് റസ്റ്റാറന്റുകൾ, കഫ്റ്റീരിയകൾ, മധുരപലഹാര കടകൾ, ബേക്കറികൾ എന്നിവക്ക് പ്രത്യേക പെർമിറ്റിന് അപേക്ഷിക്കാം.
ഈ പെർമിറ്റ് ലഭിക്കുന്നവർ മുൻവശത്തായിരിക്കണം ഭക്ഷണം പ്രദർശിപ്പിക്കേണ്ടത്. അതോടൊപ്പം ഭക്ഷണം തുരുമ്പെടുക്കാത്ത ലോഹ പാത്രങ്ങളിൽ വെക്കുകയും സ്ലൈഡിങ് അല്ലെങ്കിൽ ഹിഞ്ച് വാതിലുള്ള ഒരു ഗ്ലാസ് ബോക്സിൽ(100 സെന്റി മീറ്ററിൽ കുറയാത്തത്) ആയിരിക്കുകയും വേണം. അതോടൊപ്പം ഭക്ഷണ സാധനങ്ങൾ അലൂമിനിയം ഫോയിൽ അല്ലെങ്കിൽ സുതാര്യമായ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക്കുകൊണ്ട് മൂടിയിരിക്കുകയും വേണം. ഭക്ഷണം ഉചിതമായ താപനിലയിൽ സൂക്ഷിക്കാനും ശ്രദ്ധിക്കണം.
പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണം സ്ഥാപനത്തിൽ തയാറാക്കിയതായിരിക്കുകയും വേണം. ഈ പെർമിറ്റിന് 500 ദിർഹമാണ് ഫീസ് നിരക്ക്.മുനിസിപ്പൽ ഡ്രോയിങ് സെന്റർ(അൽ നാസിരിയ), തസാരീഹ് സെന്റർ, അൽ റഖാം വാഹിദ് സെന്റർ, മുനിസിപ്പാലിറ്റി 24 കേന്ദ്രം, അൽ സഖർ സെന്റർ, അൽ റോള സെന്റർ, അൽ ഖാലിദിയ സെന്റർ, അൽ സുറാ വ അൽ ദിഖാ സെന്റർ, സൈഫ് സെന്റർ, അൽ മഅ്ലൂമാത്ത് സെന്റർ, അൽ സആദ സെന്റർ, തൗജീഹ് സെന്റർ എന്നിവിടങ്ങളിൽ പെർമിറ്റിന് അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

