ദുബൈയിൽ റമദാൻ മാർക്കറ്റ് ഇന്ന് തുറക്കും
text_fieldsമുനിസിപ്പാലിറ്റി റമദാൻ മാർക്കറ്റ്
ദുബൈ: റമദാൻ മാസത്തിന് മുന്നോടിയായി ദുബൈയിൽ ‘റമദാൻ മാർക്കറ്റ്’ തുറക്കുന്നു. ദേരയിലെ അൽ റാസ് മാർക്കറ്റിലെ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റിലാണ് മാർക്കറ്റ് തുറക്കുന്നത്. ഫെബ്രുവരി 15വരെ മാർക്കറ്റ് പ്രവർത്തിക്കും. നഗരത്തിന്റെ പൈതൃകത്തെ അടയാളപ്പെടുത്തുന്ന അന്തരീക്ഷത്തിൽ റമദാൻ മാസത്തിന് ഒരുങ്ങാനുള്ള സംവിധാനങ്ങളാണ് മാർക്കറ്റിൽ സംവിധാനിക്കുന്നത്. ഇമാറാത്തി പൈതൃകവും മൂല്യങ്ങളും സംസ്കാരവും ആഘോഷമാക്കുന്നതിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വുൽഫ സീസൺ’ എന്ന പരിപാടിയുടെ ഭാഗമായാണ് മാർക്കറ്റ് ഒരുക്കുന്നത്.
പരിചയം, അടുപ്പം എന്നെല്ലാം അർഥമുള്ള പ്രദേശിക ഭാഷാ പ്രയോഗമാണ് ‘വുൽഫ’. ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നയിക്കുന്ന പരിപാടി റമദാൻ, ഹഖ് അൽ ലൈല, ഈദ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് സംഘടിപ്പിക്കുന്നത്.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ 30 സ്ഥലങ്ങളിലായി 50ലധികം സംരംഭങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വൈവിധ്യമാർന്ന പരമ്പരാഗത കച്ചവടക്കാർ, സംരംഭകർ എന്നിവരുടെ പങ്കാളിത്തം മാർക്കറ്റിലുണ്ടാകുമെന്നും ദൃഢനിശ്ചയ വിഭാഗത്തിൽ ഉൾപ്പെട്ടവരെ പ്രത്യേകമായി ഉൾക്കൊള്ളുന്ന രീതിയിലായിരിക്കും സംവിധാനങ്ങളെന്നും മുനിസിപ്പാലിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. 10ലേറെ റസ്റ്റാറന്റുകൾ പ്രത്യേകമായി ഇവിടെ ഒരുക്കും.
ഇമാറാത്തി വിഭവങ്ങളും മറ്റു ജനപ്രിയ വിഭവങ്ങളും റസ്റ്റാറന്റുകളിൽ പ്രത്യേക ആകർഷണമായിരിക്കും. തൽസമയ പരിപാടികൾ, പരമ്പരാഗത ഇമാറാത്തി നാടൻ കലകൾ, കുട്ടികൾക്കായി സാംസ്കാരിക, വിനോദ ശിൽപശാലകൾ, മത്സരങ്ങൾ തുടങ്ങിയവ മേഖലയിൽ അരങ്ങേറും.
പൈതൃകം സംരക്ഷിക്കുന്നതിനും ചരിത്രപരമായ വിപണികളെ സാംസ്കാരിക ഇടങ്ങളായി പുനരുജ്ജീവിപ്പിക്കുന്നതിനും, ഇമാറാത്തി പാരമ്പര്യങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്നതിനുമുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു സംരംഭമാണ് റമദാൻ മാർക്കറ്റെന്ന് മുനിസിപ്പാലിറ്റി വാസ്തുവിദ്യാ പൈതൃക, പുരാവസ്തു വകുപ്പ് ഡയറക്ടർ അസീം അൽ ഖാസിം പറഞ്ഞു.
വ്യാപാരികളെയും സംരംഭകരെയും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും സാംസ്കാരിക, ടൂറിസം കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ ആകർഷണം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

