‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കമായി
text_fields‘റമദാൻ ഇൻ ദുബൈ’ പരിപാടികളുടെ ഭാഗമായ അലങ്കാരങ്ങൾ
ദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈയിൽ വാർഷിക ‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കമായി. ഒരുമാസം നീളുന്ന കാമ്പയിനിന്റെ ഭാഗമായി നഗരത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളിൽ സാംസ്കാരിക, സാമൂഹിക, ലൈഫ് സ്റ്റൈൽ പരിപാടികൾ സംഘടിപ്പിക്കും. ‘അൽ വുൽഫാ’ എന്ന സീസണൽ കാമ്പയിന്റെ ഭാഗമായാണ് പരിപാടി. ‘ഹഖ് അൽ ലൈല’ മുതൽ ഈദുൽ ഫിത്ർ വരെയാണ് പൈതൃകവും സഹജീവിതവും പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നത്.
റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ, നൈറ്റ് മാർക്കറ്റുകൾ, മജ്ലിസ് സംഗമങ്ങൾ, പൈതൃക പരിപാടികൾ, കുടുംബ വിനോദപരിപാടികൾ എന്നിവ സിറ്റി വോക്ക്, ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ നടക്കും. അൽസീഫ്, ദുബൈ ക്രീക്ക് എന്നിവിടങ്ങളിൽ വെടിക്കെട്ട് പ്രദർശനങ്ങളും ഡ്രോൺ ലൈറ്റ് ഷോകളും അരങ്ങേറും. പരിപാടികളുടെ ഭാഗമായി നഗരമൊട്ടാകെ അലങ്കാര ലൈറ്റുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് സാംസ്കാരികവും ജീവകാരുണ്യപരവുമായ പരിപാടികളും കുട്ടികൾക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഹോട്ടലുകൾ, മാളുകൾ, റസ്റ്റാറന്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഇഫ്താർ-സുഹൂർ ഓഫറുകളും ഒരുക്കും.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇമാറാത്തി പൈതൃകവും മൂല്യങ്ങളും സംസ്കാരവും ആഘോഷമാക്കുന്നതിന് ‘വുൽഫ സീസൺ’ പ്രഖ്യാപിച്ചത്. പരിചയം, അടുപ്പം എന്നെല്ലാം അർഥമുള്ള പ്രദേശികഭാഷാ പ്രയോഗമാണ് ‘വുൽഫ’. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ 30 സ്ഥലങ്ങളിലായി 50ലധികം സംരംഭങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും ആകർഷിക്കുന്ന തരത്തിലാണ് പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, പാരമ്പര്യം സംരക്ഷിക്കുക, ദുബൈയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ ഒത്തൊരുമയുടെ ബോധം വളർത്തുക എന്നിവയാണ് സംരംഭത്തിന്റെ ലക്ഷ്യമിടുന്നത്.
റമദാനിൽ സ്വകാര്യ മേഖലയിലും പ്രവൃത്തിസമയം കുറച്ചു; സമയം രണ്ടു മണിക്കൂറാണ് കുറച്ചത്
ദുബൈ: റമദാൻ മാസത്തിൽ യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലിസമയം രണ്ട് മണിക്കൂർ കുറച്ചതായി മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവവും ബിസിനസ് ആവശ്യങ്ങളും പരിഗണിച്ച് സ്വകാര്യ കമ്പനികൾക്ക് എളുപ്പമുള്ള ജോലിസമയം അല്ലെങ്കിൽ വിദൂര ജോലിസംവിധാനം നടപ്പിലാക്കാമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
സാധാരണയായി യു.എ.ഇയിൽ ജീവനക്കാർ ദിവസം എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയാണ് ജോലിചെയ്യുന്നത്. റമദാൻ മാസത്തിൽ ഇത് രണ്ട് മണിക്കൂർ കുറയും. കുറഞ്ഞ ജോലിസമയത്തേക്കാൾ കൂടുതൽ ജോലി ചെയ്യേണ്ടി വരുകയാണെങ്കിൽ, അത് ഓവർടൈമായി കണക്കാക്കുകയും അധിക പ്രതിഫലം ലഭ്യമാക്കുകയുംചെയ്യണം. പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ജോലിസമയവും കുറച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് പിരിയുന്നത് വരെയുമാണ് സർക്കാർ ഓഫിസ് സമയം. അതേസമയം, ജോലിയുടെ സ്വഭാവം അനുസരിച്ച് മറ്റു കാര്യങ്ങൾക്ക് ആവശ്യമുള്ള ജോലികൾക്ക് ഇത് ബാധകമല്ല. റമദാനിലെ പ്രവൃത്തി ദിവസങ്ങളിൽ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അംഗീകൃതവും സൗകര്യപ്രദവുമായ തൊഴിൽ വ്യവസ്ഥകൾ പാലിക്കാമെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാം. പരമാവധി 70 ശതമാനം പേർക്ക് മാത്രമേ വർക്ക് ഫ്രം ഹോം അനുവദിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റമദാനിൽ ‘ഖൈല ജവാസാത്ത് ദുബൈ’ നാലാം സീസൺ
ജി.ഡി.ആർ.എഫ്.എ സംഘടിപ്പിച്ച വാർത്ത സമ്മേളനം
ദുബൈ: റമദാൻ മാസത്തിൽ സമൂഹവുമായി നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ ദുബൈ) ‘ഖൈല ജവാസാത്ത് ദുബൈ’ എന്ന റേഡിയോ പ്രോഗ്രാമിന്റെ നാലാം സീസൺ സംഘടിപ്പിക്കുന്നു. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന് കീഴിലുള്ള ‘അൽ ഔല’ റേഡിയോ 107.4ൽ തിങ്കൾ മുതൽ വ്യാഴം വരെ ഉച്ച രണ്ട് മുതൽ നാല് വരെ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യും. ശ്രോദ്ധാക്കൾക്ക് നേരിട്ട് പങ്കെടുക്കാൻ അവസരമൊരുക്കുന്ന ദിവസേനയുള്ള ചോദ്യോത്തരങ്ങളും ഇന്ററാക്ടീവ് മത്സരങ്ങളും സമ്മാനങ്ങളുമാണ് പ്രധാന ആകർഷണം. ഓരോ ആഴ്ചയും കാറടക്കമുള്ള വമ്പൻ സമ്മാനങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.
നാലാം സീസണിന്റെ ഔദ്യോഗിക പ്രഖ്യാപനം ജി.ഡി.ആർ.എഫ്.എ ദുബൈയുടെ മുഖ്യ കാര്യാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ നടന്നു. ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ സി.ഇ.ഒ അബ്ദുല്ല ബിൻ ദൽമൂഖ്, എമറാടെക് ഡയറക്ടർ ജനറലും ബോർഡ് അംഗവുമായ താനി അൽ സഫിൻ, ജി.ഡി.ആർ.എഫ് എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുരൂർ, കൂടാതെ പരിപാടിയെ പിന്തുണക്കുന്ന വിവിധ കമ്പനികളുടെ പ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

