റമദാനിൽ ദുബൈയിൽ ഭവന അലങ്കാര മത്സരം
text_fieldsദുബൈ: എമിറേറ്റിലെ നിവാസികൾക്ക് റമദാനിന്റെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വേറിട്ട മത്സരം പ്രഖ്യാപിച്ചു. സ്വന്തം വീടുകൾ അലങ്കരിച്ച് ഭംഗിയാക്കുന്നതാണ് മത്സരം. ആകെ രണ്ടു ലക്ഷം ദിർഹം കാഷ് പ്രൈസും ഉംറ ടിക്കറ്റുകളുമാണ് സമ്മാനം. ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും ചേർന്നാണ് കൗതുകകരമായ മത്സരം പ്രഖ്യാപിച്ചത്.
മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം ദിർഹം ലഭിക്കുമെന്ന് ബ്രാൻഡ് ദുബൈ അറിയിച്ചു. രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 60,000, 40,000 ദിർഹം വീതം സമ്മാനമായി ലഭിക്കും. ഈ മൂന്നു സമ്മാനങ്ങൾ കൂടാതെ, ഏഴ് പേർക്ക് ഉംറ ടിക്കറ്റുകളും സമ്മാനമായി നൽകും. രണ്ടു പേർക്കുള്ള ഉംറ ടിക്കറ്റുകൾ വീതമാണ് ലഭിക്കുക.
റമദാൻ അവസാന ദിനത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക. ഇയർ കമ്യൂണിറ്റിയോടനുബന്ധിച്ച് നടക്കുന്ന മത്സരം യു.എ.ഇയുടെ സാംസ്കാരിക പൈതൃകത്തെ ശക്തിപ്പെടുത്തുകയും സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തുകയും ഈ തലമുറക്കും ഭാവിതലമുറക്കുംവേണ്ടി പാരമ്പര്യങ്ങൾ അർഥവത്തായ രീതിയിൽ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കുകയും ചെയ്യും.
വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഇത്തരം ആഘോഷങ്ങൾക്ക് നിർണായകമായ പങ്കുണ്ടെന്ന് ബ്രാൻഡ് ദുബൈ ഡയറക്ടർ ശൈമ അൽ സുവൈദി പറഞ്ഞു. ദുബൈ സർക്കാറിന്റെ സൃഷ്ടിപരമായ കാര്യങ്ങൾ നടപ്പാക്കുന്ന വിഭാഗമാണ് ബ്രാൻഡ് ദുബൈ
മത്സരത്തിന്റെ മാർഗനിർദേശങ്ങൾ
- ദുബൈ നിവാസികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാവുക
- വീടിന്റെ മുൻഭാഗം ലൈറ്റുകളും മറ്റു തോരണങ്ങളുംകൊണ്ട് അലങ്കരിക്കണം
- ഇയർ ഓഫ് കമ്യൂണിറ്റി എന്ന പ്രമേയം പ്രതിഫലിപ്പിച്ചുകൊണ്ട്, അലങ്കാരങ്ങളുടെ വിഡിയോ മത്സരാർഥികൾ ചിത്രീകരിക്കണം
- ഈ വിഡിയോ മത്സരാർഥികൾ ഇൻസ്റ്റ പബ്ലിക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യണം
- ബ്രാൻഡ് ദുബൈ, ഫർജാൻ ദുബൈ എന്നിവയെ ടാഗ് ചെയ്യുകയും വേണം
- മാർച്ച് 21 ആണ് വിഡിയോ പോസ്റ്റ് ചെയ്യേണ്ട അവസാന തീയതി
- സമർപ്പിച്ച വിഡിയോ ജഡ്ജിങ് പാനൽ വിലയിരുത്തും
- ഒരേ പ്രദേശത്തുനിന്ന് രണ്ടു വിജയികളെ തെരഞ്ഞെടുക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

