റമദാൻ; ഷാർജ മ്യൂസിയത്തിൽ പ്രവേശനം സൗജന്യം
text_fieldsഷാർജ: ഷാർജ മ്യൂസിയത്തിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. റമദാനിലുടനീളം സന്ദർശകർക്ക് കുടുംബ സൗഹൃദ അനുഭവം വാഗ്ദാനം ചെയ്യുന്ന ‘റമദാൻ ലമ്മ’ സംരംഭത്തിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായാണ് ഷാർജ മ്യൂസിയംസ് അതോറിറ്റി (എസ്.എം.എ) സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 26 മുതൽ മാർച്ച് വരെ പ്രവേശനം സൗജന്യമായിരിക്കും.
റമദാനെ വരവേൽക്കുന്നതിൽ കുടുംബങ്ങളേയും കമ്യൂണിറ്റി അംഗങ്ങളേയും ഒരുമിച്ച് കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. ‘ഗാർഡൻസ് ആൻഡ് ടെയിൽസ്’ എന്ന പ്രമേയത്തിന് കീഴിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആസ്വദിക്കാൻ കഴിയുന്ന രൂപത്തിൽ വിപുലമായ സാംസ്കാരിക, വിദ്യാഭ്യാസ, ആഘോഷ പരിപാടികളാണ് ഇത്തവണ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി സംവേദനാത്മക വർക്ഷോപ്പുകൾ, സാംസ്കാരിക മത്സരങ്ങൾ, സ്റ്റേജ് പ്രകടനങ്ങൾ, വിവിധ മത്സരങ്ങൾ, കുടുംബങ്ങൾക്കായുള്ള പ്രത്യേക ഫുഡ് കോർണർ തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
‘കൾച്ചറൽ ലാൻഡ്സ്കേപ്പ്സ് ഓഫ് അൽ അന്ദാലൂസ്’ എന്ന പേരിൽ മ്യൂസിയത്തിൽ താത്കാലികമായി ഒരുക്കിയിട്ടുള്ള എക്സിബിൻ സന്ദർശിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭ്യമാകും. റമദാനിൽ രണ്ട് ഷിഫ്റ്റുകളിലായാണ് മ്യൂസിയത്തിന്റെ പ്രവർത്തനം. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ രണ്ട് വരെയും ശനി, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11 വരെയുമായിരിക്കും പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ മ്യൂസിയം അവധിയായിരിക്കും. റമദാനിന്റെ അവസാന പത്തിൽ എല്ലാ മ്യൂസിയങ്ങളും വൈകുന്നേരങ്ങളിൽ അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

