കായിക രാവുകൾ
text_fieldsവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഭക്തിനിർഭരമായ രാവാണ് റമദാനിലേത്. വീടകങ്ങളിലും പള്ളികളിലും പ്രാർഥനകളാൽ കഴിഞ്ഞുകൂടുന്ന രാവുകൾ. എന്നാൽ, ഈ പരിശുദ്ധ രാവുകളിലും യു.എ.ഇയിലെ കളിക്കളങ്ങളുടെ ഫ്ലഡ്ലൈറ്റുകൾ തെളിഞ്ഞുതന്നെ കിടക്കും. കേവലം കളി മാത്രമല്ല ഇവിടെ നടക്കുന്നത്. നോമ്പുതുറയും രാത്രി നമസ്കാരവും ഇടയത്താഴവുമെല്ലാം ഈ രാത്രിവെളിച്ചങ്ങൾക്ക് കീഴിൽ നടക്കുന്നുണ്ടാവും.
റമദാനിലും കായിക പ്രവർത്തനങ്ങൾക്ക് അവധി കൊടുക്കേണ്ടതില്ല എന്ന വ്യക്തമായ സന്ദേശമാണ് യു.എ.ഇ ഇതിലൂടെ നൽകുന്നത്. റമദാൻ മാസത്തിന് മാത്രമായി ചിട്ടപ്പെടുത്തിയ ടൂർണമെന്‍റുകൾ പോലും ഇവിടെയുണ്ട്. റമാൻ ക്രിക്കറ്റ് ടൂർണമെന്‍റുകളാണ് ഇതിന് ഉദാഹരണം. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം ക്രിക്കറ്റ് ടൂർണമെന്‍റുകളുണ്ടാകും. വമ്പൻ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ലീഗ്. ഇക്കുറിയും ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാർജയിലെ റമദാൻ ക്രിക്കറ്റിന് മൂന്ന് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. 1989ൽ തുടങ്ങിയതാണ് ഇവിടുത്തെ റമദാൻ ക്രിക്കറ്റ്. ഇന്ത്യ, പാകിസ്താൻ ഉൾപെടെയുള്ള രാജ്യങ്ങളിലെ ദേശീയ താരങ്ങൾ പോലും ആദ്യ കാലങ്ങളിൽ കളിച്ചിരുന്നു. പിന്നീട്, ക്ലബ്ബുകളുടെ മത്സരമായി മാറി. ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ താരങ്ങൾ റമദാൻ ക്രിക്കറ്റിൽ പങ്കെടുക്കുന്നു. യു.എ.ഇയിലെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് ഏറ്റവും തിരക്കുപിടിച്ച സമയമാണ് റമദാൻ രാവുകൾ. നോമ്പിലെ പകുതി ദിവസവും ക്രിക്കറ്റ് ഉണ്ടാവും. ചൂടുകാലമായതിനാൽ രാത്രിയായിരിക്കും മത്സരം. എങ്കിലും, ഉച്ചക്ക് ശേഷം തുടങ്ങുന്ന മത്സരങ്ങളുമുണ്ട്. നോമ്പുതുറന്ന ശേഷം എട്ട് മണിയോടെയാണ് ഭൂരിപക്ഷം മത്സരങ്ങളും അരങ്ങേറുന്നത്. നോമ്പുതുറക്കാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും. താരങ്ങൾ ഒരുമിച്ചുള്ള നമസ്കാരവും ഇവിടെ നടക്കും.
ഷാർജ സ്റ്റേഡിയത്തിൽ മാത്രമല്ല, യു.എ.ഇയുടെ പലഭാഗങ്ങളിലും റമദാൻ ക്രിക്കറ്റ് നടക്കുന്നുണ്ട്. ഷാർജ ക്രിക്കറ്റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ അൽ ദൈദിലും ടൂർണമെന്‍റ് നടക്കാറുണ്ട്. ഷാർജ സ്കൈലൈൻ കോളജ് ഗ്രൗണ്ടിൽ നിരവധി ടൂർണമെന്‍റുകളാണ് രാത്രികാലങ്ങളിൽ നടക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഇവിടെ മത്സരം നടത്തുന്നുണ്ട്. മണിക്കൂറിന് 500 മുതൽ മുകളിലേക്കാണ് ഫീസ്. ഒന്നര പതിറ്റാണ്ടായി അജ്മാൻ ക്രിക്കറ്റ് കൗൺസിൽ റമദാൻ ടൂർണമെന്‍റുകൾ നടത്തുന്നു. ഉമ്മുൽ ഖുവൈനിൻ കിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലും ടൂർണമെന്റുകളുണ്ട്. കളി കഴിഞ്ഞ് വീട്ടിലെത്തി ഇടയത്താഴത്തിനും നമസ്കാരത്തിനും ശേഷമായിരിക്കും ഉറക്കം.
നാദൽ ഷിബ സ്പോർട്സാണ് (നാസ്) മറ്റൊരു പ്രധാന റമദാൻ ടൂർണമെന്‍റ്. ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ നാദൽ ഷിബ സ്പോർട്സ് കോംപ്ലക്സിലാണ് വിവിധ കായിക മത്സരങ്ങൾ അരങ്ങേറുക. റമദാൻ രാവുകളെ സജീവമാക്കി എട്ട് കായിക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വോളിബാൾ, പാഡൽ ടെന്നിസ്, അമ്പെയ്ത്ത്, ഫെൻസിങ്, ഓട്ടം, സൈക്ലിങ്, വീൽചെയർ ബാസ്ക്കറ്റ്ബാൾ, ജിയു ജിത്സു തുടങ്ങിയവയാണ് നാസ് സ്പോർട്സിന്റെ ഭാഗമായി നടക്കുന്നത്. ഇതിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. പ്രവാസികൾക്കും സ്വദേശികൾക്കും പങ്കെടുക്കാം. റമദാൻ രാവുകളിലായിരിക്കും മത്സരങ്ങൾ. വ്യക്തിഗതമായും സംഘങ്ങളായും മത്സരത്തിന് രജിസ്റ്റർ ചെയ്യാം.
ഇതിനെല്ലാം പുറമെ റമദാൻ രാവുകളിൽ സൈക്കിളുമായി റൈഡിനിറങ്ങുന്ന നിരവധി റൈഡർമാർ ദുബൈയിലുണ്ട്. രാത്രി നമസ്കാരത്തിന് ശേഷം തുടങ്ങി ഇടയത്താഴത്തോടെ അവസാനിക്കുന്നതാണ് ഇവരുടെ റൈഡുകൾ. ഇക്കൂട്ടത്തിൽ മലയാളികളും കുറവല്ല.