അനുമതിയില്ലാതെ റമദാൻ തമ്പ് നിർമിച്ചാൽ 10000 ദിർഹം പിഴ
text_fieldsഅബൂദബി: അനുമതി വാങ്ങാതെ റമദാൻ തമ്പ് നിർമിച്ചാൽ 10000 ദിർഹം വരെ പിഴ അടക്കേണ്ടി വരുമെന്ന് അബൂദബി നഗരസഭ മുന്നറിയിപ്പ് നൽകി. നിയമലംഘകരുടെ ചെലവിൽ തന്നെ തമ്പ് പൊളിച്ച് മാറ്റേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. താൽക്കാലിക തമ്പ് െകട്ടാൻ ഉദ്ദേശിക്കുന്നവർ നഗരസഭയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകളും നഗരസഭയുടെ നിബന്ധനകൾ പാലിക്കുമെന്ന സമ്മതപത്രവും സമർപ്പിക്കണം. പെർമിറ്റുകൾ അനുവദിക്കുന്നത് സൗജന്യ സേവനമാണെന്നും ഫീസ് ഇൗടാക്കുന്നില്ലെന്നും നഗരസഭ അറിയിച്ചു.
അപേക്ഷകൾ വിശകലനം ചെയ്ത ശേഷം തമ്പ് െകട്ടുന്ന സ്ഥലം അധികൃതർ പരിശോധിച്ച ശേഷമാണ് അനുമതി നൽകുക. തമ്പ് െകട്ടുന്നതിന് നിരവധി നിബന്ധനകളും നഗരസഭ മുന്നോട്ട് വെക്കുന്നുണ്ട്. തമ്പിനോട് ചേർന്ന് അനുബന്ധ നിർമിതികൾ ഉണ്ടാക്കരുത്, നിശ്ചിത അതിരുകൾക്കപ്പുറത്തേക്ക് ടെൻറ് നിർമിക്കുകയോ അതിർ വേർതിരിച്ച വസ്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്യരുത്, തെരുവുകൾ, പാതകൾ, കെട്ടിടങ്ങളിലേക്കുള്ള വഴികൾ, കാർ പാർക്കിങ് ഇടങ്ങൾ, അടിയന്തര പാതകൾ എന്നിവയിൽ തടസ്സമുണ്ടാക്കരുത്, കാൽനടക്കാർക്ക് തടസ്സമാകരുത്, സ്വകാര്യ വ്യക്തികളുടെയോ മൂന്നാം കക്ഷിയുടെയോ സ്ഥലത്ത് ടെൻറ് നിർമിക്കരുത് തുടങ്ങിയവയാണ് നിബനധനകൾ.
റമദാൻ തമ്പുകളുടെ സുരക്ഷയുടെ കാര്യത്തിൽ ഉന്നത നിലവാരമാണ് നഗരസഭ നിഷ്കർഷിക്കുന്നത്. അതിനാൽ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, വൈദ്യുതി കണക്ഷൻ നൽകുന്ന അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനി എന്നിവയിൽനിന്ന് ആവശ്യമായ അനുമതികൾ നേടിയിരിക്കണം. പൊതു റോഡുകൾക്കോ പാർക്കിങ് ഇടങ്ങൾക്കോ സമീപത്താണെങ്കിൽ ഗാതാഗത^പട്രോൾ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. തമ്പുകൾ കെട്ടിയതിന് ശേഷം നഗരസഭ അധികൃതർ പരിശോധന നടത്തും. കഴിഞ്ഞ വർഷം അബൂദബിയിലും സമീപ പ്രദേശങ്ങളിലുമായി 155 ടെൻറുകൾക്കാണ് അനുമതി നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
