റമദാന് സമാരംഭം: തടവുകാർക്ക് മോചനം നൽകി ഭരണാധികാരികൾ
text_fieldsദുബൈ: വിശ്വാസി സമൂഹത്തിന് ആത്മസംസ്കരണത്തിന്റെ രാപ്പകലുകൾ സമ്മാനിച്ച് യു.എ.ഇയിൽ വിശുദ്ധ റമദാന് സമാരാംഭം. ഇനിയുള്ള 30 നാളുകൾ പശ്ചാത്താപം തേടി കൈകൾ ആകാശത്തേക്ക് ഉയരും. മനസ്സും ശരീരവും വ്രതശുദ്ധിയുടെ ആത്മനിർവൃതിയിലാകും. സമൂഹത്തിലെ മുഴുവൻ പേർക്കും സമാധാനവും കുടുംബ സ്ഥിരതയും ശാന്തിയും സമ്മാനിക്കുന്നതിന്‍റെ ഭാഗമായി വിശുദ്ധ റമദാനോടനുബന്ധിച്ച് രാജ്യത്ത് തടവുകാർക്ക് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ മോചനം പ്രഖ്യാപിച്ചു. 2312 തടവുകാരാണ് മോചിതരായത്.
പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. വിവിധ കേസുകളിലെ തടവുകാർക്കെതിരെ വിധിച്ച ശിക്ഷകളിലെ സാമ്പത്തിക ബാധ്യതകൾ പ്രസിഡന്‍റ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഷാർജ എമിറേറ്റിൽ 738 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടിരിക്കുന്നത്.
അജ്മാനിൽ 134 തടവുകാർക്കും മോചനം ലഭിക്കും. മറ്റ് എമിറേറ്റുകളിലും തടവുകാർക്ക് ഭരണാധികാരികൾ മോചനം നൽകിയിട്ടുണ്ട്. തടവുകാലത്ത് ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് മോചനം. അതേസമയം, ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാർക്ക് മോചനം ലഭിക്കില്ല. പ്രത്യേക അവസരങ്ങളിലും റമദാനിലും ഭരണാധികാരികൾ തടവുകാർക്ക് മോചനം പ്രഖ്യാപിക്കുന്നത് പതിവാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവരുടെ ബാധ്യതകൾ ഏറ്റെടുത്തു കൊണ്ടാണ് ഇവർക്ക് മോചനം സാധ്യമാക്കാറ്.
കൊലപാതകം, രാജ്യദ്രോഹം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവരെ മോചനത്തിനായി പരിഗണിക്കാറില്ല. തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും റമദാനിൽ സന്തോഷവും പ്രതീക്ഷയും നൽകാനുള്ള ഭരണാധികാരികളുടെ ആഗ്രഹമാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്. ജീവിത പശ്ചാത്തലം പരിഗണിക്കാതെ സമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും സംരക്ഷണം നൽകുകയെന്ന അതിയായ ആഗ്രഹവും ഈ നടപടി ഉയർത്തിക്കാട്ടുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

