റമദാൻ: കോവിഡ് മുന്നൊരുക്കവുമായി അബൂദബി
text_fieldsഅബൂദബി: റമദാൻ മാസത്തിൽ കോവിഡ് വ്യാപനം കുറക്കാനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി പ്രതിരോധ നടപടികൾ ശക്തമാക്കി അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റി. അബൂദബി ആരോഗ്യവകുപ്പ്, പബ്ലിക് ഹെൽത്ത് സെൻറർ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നടപടികൾ.
ഗ്രൂപ് ഇഫ്താർ, സുഹൂർ എന്നിവക്കുള്ള ഒത്തുചേരലുകൾ ഒരേവീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തണം. ഓൺലൈൻ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ ഇഫ്താർ ഭക്ഷണം സംഭാവന ചെയ്യാൻ അനുവാദമുണ്ട്. അംഗീകൃത സ്ഥാപനങ്ങൾ ഒഴികെ വീടുകൾ, പള്ളികൾ, റസ്റ്റാറൻറുകൾ എന്നിവയുൾപ്പെടെ പൊതുസ്ഥലങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് നിരോധിച്ചു. ഇശ, തറാവിഹ് നമസ്കാരം 30 മിനിറ്റിൽ കൂടരുത്. വിവിധ ചാരിറ്റി സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ വഴി സകാത്ത്, ദാനധർമങ്ങൾ ഓൺലൈനായി ചെയ്യാം. മതപഠന പ്രഭാഷണങ്ങളും ഖുർആൻ പാരായണ സെഷനുകളും ഓൺലൈനിൽ നടത്താം.
സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കും കമ്മിറ്റി അംഗീകാരം നൽകി. റമദാൻ ആശംസകൾ ഓൺലൈൻ വഴിയാക്കണം. റമദാൻ രാത്രികളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്നതും ഒഴിവാക്കണം. ഇഫ്താർ ടെൻറുകൾ അനുവദിക്കില്ല. ഗൃഹസന്ദർശനം ഒഴിവാക്കണം. തിരക്കേറിയ മാർക്കറ്റുകളിലേക്കും ഷോപ്പിങ് സെൻററുകളിലേക്കും പോകുന്നതിനുപകരം അവശ്യ റമദാൻ ഇനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു. അയൽക്കാർക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ ഭക്ഷണം വിതരണം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ചു. മജ്ലിസുകളിലെ റമദാൻ രാത്രി ഒത്തുചേരലുകളും ഒഴിവാക്കണം. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കർശന പരിശോധനയും നിരീക്ഷണ കാമ്പയിനുകളും നടത്തുമെന്ന് അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റി വ്യക്തമാക്കി.
തിരക്ക് കുറഞ്ഞ സമയത്ത് ഷോപ്പിങ് നടത്തുക. ട്രോളികളുടെ ഹാൻഡിലുകൾ അണുമുക്തമാക്കണം. വാങ്ങാത്ത ഉൽപന്നങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കണം. വീട്ടിലെത്തിയശേഷം വാങ്ങിയ ഇനങ്ങൾ വൃത്തിയാക്കാൻ അണുനാശിനി വൈപ്പുകൾ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ശ്രദ്ധപൂർവം കഴുകുക. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, മൊബൈൽ പേയ്മെൻറ് ആപ്ലിക്കേഷനുകൾ വഴി പണമടക്കുന്നതാണ് ഉചിതം. ഷോപ്പിങ് കേന്ദ്രങ്ങളിലെ എലിവേറ്ററുകൾക്ക് പകരം എസ്കലേറ്ററുകളോ സ്റ്റെയർകെയ്സുകളോ ഉപയോഗിക്കുന്നതാണ് നല്ലത്.
റസ്റ്റാറൻറുകളിൽ പകൽ ഭക്ഷണം; കഴിക്കാൻ മറ വേണ്ട
അബൂദബി: റമദാനിൽ വ്രതാനുഷ്ഠാന സമയത്ത് അബൂദബിയിലെ റസ്റ്റാറൻറുകളിലും ഹോട്ടൽ സ്ഥാപനങ്ങളിലും പാർട്ടീഷനുകൾ നീക്കംചെയ്യാം. റമദാനിൽ പകൽ സമയത്ത് കർട്ടെൻറയോ പാർട്ടീഷെൻറയോ മറവിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനു പകരം തുറന്ന സ്ഥലത്തിരുന്ന് കഴിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സർക്കുലർ അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് റസ്റ്റാറൻറുകൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

